കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാം: മന്ത്രി വീണാ ജോര്‍ജ്

മേയ് 7 ലോക ആസ്ത്മ ദിനം

 
veena

തിരുവനന്തപുരം: സമയബന്ധിതമായുള്ള കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാറിവരുന്ന ജീവിത ശൈലിയും രോഗം ശരിയായി ചികിത്സിക്കുന്നതിലുള്ള കാലതാമസവും ഇന്‍ഹേലറിനെ കുറിച്ചുള്ള തെറ്റിദ്ധാരണകളും ആസ്ത്മ സങ്കീര്‍ണമാക്കുന്നു. ആസ്ത്മ, സി.ഒ.പി.ഡി. തുടങ്ങിയ ദീര്‍ഘസ്ഥായിയായ ശ്വാസകോശ രോഗങ്ങളുടെ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ശ്വാസ് പദ്ധതി രാജ്യത്താദ്യമായി കേരളത്തിലാരംഭിച്ചു. 

കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ, ജനറല്‍ ആശുപത്രികളിലൂടെയും നടപ്പിലാക്കുന്ന ശ്വാസ് ക്ലിനിക്കുകളിലൂടെ 25,000ത്തിലധികം ആസ്ത്മ രോഗികള്‍ക്ക് ശാസ്ത്രീയമായ ചികിത്സകള്‍ നല്‍കി വരുന്നു. രോഗ നിര്‍ണയത്തിനായുള്ള സ്‌പൈറോമെട്രി, ചികിത്സയ്ക്കായി ഇന്‍ഹേലര്‍ മരുന്നുകള്‍, പള്‍മണറി റീഹാബിലിറ്റേഷന്‍ തുടങ്ങിയ സേവനങ്ങള്‍ ഈ ക്ലിനിക്കുകളില്‍ ലഭ്യമാണ്. കൂടുതല്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കുന്നതിലൂടെ കൂടുതല്‍ രോഗികള്‍ക്ക് ഈ സേവനം ലഭ്യമാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ വര്‍ഷവും മേയ് മാസം ആദ്യത്തെ ചൊവ്വാഴ്ചയാണ് ലോക ആസ്ത്മ ദിനമായി ആചരിക്കുന്നത്. ആസ്ത്മ രോഗത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുകയെന്ന ഉദ്ദേശത്തോട് കൂടി ലോകാരോഗ്യ സംഘടനയുടെ സഹകരണ സംഘടനയായ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഫോര്‍ ആസ്ത്മ (GINA) യാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. 'ആസ്തമയെ കുറിച്ചുള്ള അറിവുകള്‍ രോഗനിയന്ത്രണം ശക്തിപ്പെടുത്തുന്നു' (Asthma Education Empowers) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ആസ്ത്മ രോഗ പ്രതിരോധം, ശാസ്ത്രീയമായി നിഷ്‌കര്‍ഷിച്ചിട്ടുള്ള ചികിത്സ രീതികള്‍, രോഗാതുരത കുറയ്ക്കല്‍, മരണം ഒഴിവാക്കല്‍ തുടങ്ങിയവയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ സന്ദേശം വിരല്‍ ചൂണ്ടുന്നത്.

260 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ വിട്ടുമാറാത്ത സാംക്രമികേതര രോഗങ്ങളില്‍ ഒന്നാണ് ആസ്ത്മ, ലോകമെമ്പാടും ഓരോ വര്‍ഷവും 4,50,000 മരണങ്ങള്‍ക്ക് കാരണമാകുന്നു, അവയില്‍ മിക്കതും തടയാന്‍ കഴിയുന്നവയാണ്. ശ്വാസനാളത്തിന്റെ വീക്കവും സങ്കോചവും ആസ്ത്മയുടെ ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നു. ചുമ, ശ്വാസതടസം, നെഞ്ച് ഞെരുക്കം തുടങ്ങിയവയാണ് ആസ്ത്മയുടെ പ്രധാന ലക്ഷണങ്ങള്‍. എല്ലാ പ്രായത്തിലുമുള്ളവരെയും ഈ രോഗം ബാധിക്കാമെങ്കിലും കൃത്യമായ ചികിത്സയിലൂടെ ഇത് നിയന്ത്രിക്കാനാകും.