അയോധ്യ പ്രാണപ്രതിഷ്ഠ; കോൺഗ്രസ് നിലപാട് മുസ്ലീം ലീഗിന് അടിയറവച്ചു: വി.മുരളീധരൻ
തിരുവനന്തപുരം: അയോധ്യ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുന്നില്ലെന്ന കോൺഗ്രസ് നിലപാട് ഹൈന്ദവ സമൂഹത്തിനെതിരായ അവഹേളനമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സമ്സതയെ ആണോ മുസ്ലീംലീഗിനെയാണോ പാർട്ടി പേടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മുസ്ലീംലീഗിന്‍റെ കാൽക്കൽ നിലപാട് അടിയറവ് വച്ചിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി പരിഹസിച്ചു.
ക്ഷേത്രത്തിൽ പോകുന്നതിന് മാത്രം ജനാധിപത്യം എതിരാകുന്നത് എങ്ങനെ എന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പ്രാണപ്രതിഷ്ഠ ഹിന്ദുവിശ്വാസത്തിൽ മുഖ്യമെന്ന് എൻസ്എസ്എസ് പോലും പറഞ്ഞിട്ടും നാല് വോട്ടിന് വേണ്ടി കോൺഗ്രസ് നിഷേധാത്മക നിലപാടെടുക്കുന്നത് ദൌർഭാഗ്യകരമാണ്. ക്ഷേത്രം പണിയുന്നതും, പ്രതിഷ്ഠ നടത്തുന്നതും ബിജെപിയല്ല. ഹിന്ദുസമൂഹത്തിൻ്റേതാണ് ക്ഷേത്രമെന്നും മുരളീധരൻ പറഞ്ഞു.
സിപിഎം ഭീകരവാദികൾക്ക് സംരക്ഷണം നൽകുന്നു: വി.മുരളീധരൻ
ജോസഫ് മാഷിന്‍റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി 13 വർഷം കേരളത്തിൽ ഒളിവിൽ കഴിഞ്ഞുവെന്നത് സമാധാന പ്രേമികളെ ഞെട്ടിച്ചെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.
കമ്യൂണിസ്റ്റ് ശക്തികേന്ദ്രമായ മട്ടന്നൂരിൽ ആയിരുന്നു പ്രതിയുടെ ഒളിജീവിതമെന്നത് മാർക്സിസ്റ്റ് പാർട്ടിക്ക് ഭീകരവാദികളോടുള്ള മൃദുസമീപനവും രഹസ്യ ബന്ധവുമാണ് തെളിയിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കാലങ്ങളായി ഒളിഞ്ഞും തെളിഞ്ഞും ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുകയാണ് സിപിഎം. പൊലീസിനെ നിർവീര്യമാക്കി രാഷ്ട്രീയ ഇടപെടലിലൂടെ ഭീകരവാദികൾക്ക് സംരക്ഷണം നൽകുകയാണ് മാർക്സിസ്റ്റ് പാർട്ടിയെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
ജോസഫ് മാഷിനെ അറസ്റ്റ് ചെയ്യാൻ കാണിച്ച വൃഗ്രത പ്രതിയെ അറസ്റ്റ് ചെയ്യാൻ എന്തുകൊണ്ട് കാണിച്ചില്ലന്ന് മുരളീധരൻ ചോദിച്ചു. കേരളം അന്താരാഷ്ട്ര ഭീകരവാദികളുടെ ഒളിത്താവളം ആകുമോ എന്ന് സാധാരണക്കാർക്ക് ഭയമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.