ശബരിമലയിലേക്ക് പോകും വഴി അയ്യപ്പഭക്തൻ കുഴഞ്ഞുവീണു മരിച്ചു

 
sabarimala

പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പഭക്തൻ കുഴഞ്ഞുവീണു മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയപുരം സ്വദേശി മുരുകാചാരിയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ശബരിമല കയറുന്നതിനിടെ നീലിമലയ്ക്കു സമീപം കുഴഞ്ഞു വീഴുകയായിരുന്നു. പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

അതേസമയം മണ്ഡലകാല തീർത്ഥാടനത്തിനായി ക്ഷേത്രം തുറന്നതിന് ശേഷമുള്ള ആദ്യ അവധി ദിനമായതിനാൽ സന്നിധാനത്ത് തിരക്ക് കുറവായിരുന്നു. ഇന്നലെ നല്ല ദർശനം നടത്തിയാണ് തീർഥാടകർ മടങ്ങിയത്. ക്ഷേത്രം അടച്ചിട്ടിരിക്കുമ്പോഴും തീർഥാടകർക്ക് പതിനെട്ടാം പടി കയറാൻ അനുവാദമുണ്ട്. അവരെ വടക്കേ ഗോപുരത്തിൽ നിർത്തി, ക്ഷേത്രം തുറക്കുമ്പോൾ ആദ്യം പ്രവേശിക്കാൻ അനുവദിച്ചു. രാവിലെ ക്ഷേത്രം തുറന്നപ്പോൾ ചെറിയ തിരക്ക് മാത്രമാണ് അനുഭവപ്പെടുന്നത്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 1,51,977 പേരാണ് ദർശനത്തിനെത്തിയത്. ഇന്നലെ വൈകിട്ട് ഏഴു മണി വരെയുള്ള കണക്കാണിത്. വെള്ളിയാഴ്ച ക്ഷേത്രം തുറന്നപ്പോൾ വൈകിട്ട് 4 മുതൽ രാത്രി 11 വരെ 30,687 പേർ എത്തിയിരുന്നു.

30,000 പേരാണ് അന്ന് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത്. ഇതിൽ 26,942 പേർ ദർശനം നടത്തി. ശനിയാഴ്ച വെർച്വൽ ക്യൂ വഴി 59,624 പേരും സ്പോട്ട് ബുക്കിംഗ് വഴി 5,862 പേരും സന്നിധാനത്തെത്തി. വെർച്വൽ ക്യൂ ബുക്കിംഗ് ഇന്നലെ 70,000 ആയിരുന്നു. വൈകിട്ട് ഏഴുവരെ 55,804 പേർ ദർശനം നടത്തി. ഇതിൽ 51,210 പേർ വെർച്വൽ ക്യൂവിലൂടെയും 4,594 പേർ സ്‌പോട്ട് ബുക്കിംഗിലൂടെയും എത്തി.