‘മകന് ആഗ്രഹമുണ്ടായിരുന്നതിനാൽ’; നെടുമ്പാശ്ശേരി അപകടത്തിന് പിന്നാലെ മിനി കൂപ്പർ സമ്മാനിക്കുന്ന വീഡിയോ പുറത്ത്
കൊച്ചി: നെടുമ്പാശ്ശേരി അത്താണി വിമാനത്താവള റോഡിൽ മൂന്ന് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ കാർ അപകടത്തിന് പിന്നാലെ, അപകടത്തിൽപ്പെട്ട മിനി കൂപ്പർ കാർ യുവാവിന് സമ്മാനിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. തൃക്കാക്കര സ്വദേശി സുഹൈൽ സജീവിന് അമ്മ പിറന്നാൾ സമ്മാനമായി നൽകിയ കാറിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വീണ്ടും പ്രചരിക്കുന്നത്. മകന്റെ ആഗ്രഹമായിരുന്ന കാർ കോളജിലേക്കുള്ള യാത്രാസൗകര്യം കൂടി കണക്കിലെടുത്താണ് സമ്മാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഡിസംബറിലാണ് സുഹൈലിന്റെ പിറന്നാളെങ്കിലും വാഹനം അന്ന് ലഭ്യമാകാത്തതിനാൽ നേരത്തേ സമ്മാനിക്കുകയായിരുന്നുവെന്ന് വീഡിയോയിൽ അമ്മ പറയുന്നുണ്ട്. രാജഗിരി കോളജിലെ ബിരുദ വിദ്യാർഥിയാണ് 19കാരനായ സുഹൈൽ. അപകടത്തിന് പിന്നാലെ പുറത്തുവന്ന പഴയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാവുകയാണ്.
ഞായറാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ സ്കൂട്ടറിന് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. സ്കൂട്ടറിൽ യാത്രചെയ്തിരുന്ന വയനാട് സ്വദേശിനി ദേവിക, പാലക്കാട് സ്വദേശിനി ഗോപിക, കർണാടക സ്വദേശി ഇയാസ് എന്നിവരാണ് മരിച്ചത്. മൂന്നുപേരും തൃക്കാക്കരയിലെ സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്തുവരികയായിരുന്നു.
അപകടവുമായി ബന്ധപ്പെട്ട് സുഹൈലിനെതിരെ കുറ്റകരമായ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. മദ്യപിച്ചാണോ വാഹനം ഓടിച്ചതെന്നും മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോയെന്നും കണ്ടെത്താൻ പരിശോധനകൾ നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.