കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
തിരുവനന്തപുരം: ശനിയാഴ്ച തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ ഭരണിക്കാവ് സ്വദേശി അനൂപ് പ്രകാശ് (36) ആണ് അപകടത്തിൽ മരിച്ചത്. മുഴത്തിരിയവട്ട പള്ളിപ്പുറത്ത് രാവിലെ എട്ട് മണിയോടെയാണ് അപകടം.
യുവാവിനെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ കോട്ടയത്ത് രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി. ഇന്ന് പുലർച്ചെ നാല് മണിയോടെ പൊൻകുന്നത്താണ് അപകടം.
ഗുരുതരാവസ്ഥയിലായ രോഗിയെ കാഞ്ഞിരപ്പള്ളി 26-ാം മൈൽ മേരി ക്വീൻസ് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറിയത്.
ആംബുലൻസിലുണ്ടായിരുന്ന രോഗി പിന്നീട് രക്തം വാർന്നു മരിച്ചു. പാറത്തോട് സ്വദേശി പി കെ രാജുവാണ് മരിച്ചത്. ആംബുലൻസ് ഡ്രൈവറും രോഗിയുടെ സഹായിയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വീടിൻ്റെ ഭിത്തി തകർന്നെങ്കിലും വീട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.