പക്ഷിപ്പനി നിയന്ത്രണ വിധേയം

രോഗത്തെക്കുറിച്ച് പഠിക്കുന്നതിന് വിദഗ്ധ സംഘത്തെ നിയോഗിച്ചുമന്ത്രി ശ്രീമതി.ജെ ചിഞ്ചുറാണി
 
chinju rani
തിരുവനന്തപുരം : ആലപ്പുഴ, കോട്ടയം പത്തനംതിട്ട ജില്ലകളിലെ പക്ഷിപ്പനിയെ കുറിച്ച് പഠിക്കുന്നത്തിനു ഒരു വിദഗ്ധ സംഘത്തെ നിയോഗിച്ചതായി മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി. വെറ്ററിനറി സർവകലാശാലയിലെ ശാസ്ത്രജ്ഞരെയും മൃഗസംരക്ഷണ വകുപ്പിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെയും തിരുവല്ല ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിലെ വിദഗ്ധരെയും ഉൾപ്പെടുത്തിയാണ് സംഘം രൂപീകരിച്ചിരിക്കുന്നത്. വിഷയത്തെ കുറിച്ച് വിശദമായി പഠിച്ചു രണ്ടാഴ്ചയ്ക്കകം അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കുവാനാണ് മന്ത്രി നിർദേശിച്ചിട്ടുള്ളത്.
ആലപ്പുഴ ജില്ലയിലെ എടത്വ പഞ്ചായത്തിൽ 2024 ഏപ്രിൽ മാസത്തിൽ പൊട്ടിപ്പുറപ്പെട്ട പക്ഷിപ്പനി ജില്ലയിലെ കുട്ടനാട് മേഖലയിലും പത്തനംതിട്ട കോട്ടയം ജില്ലകളിലും വ്യാപിച്ചിരുന്നു. മൃഗസംരക്ഷണ വകുപ്പ്,ആരോഗ്യ വകുപ്പ്,തദ്ദേശ സ്വയംഭരണ വകുപ്പ്,വനം വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ ഏകപനത്തോട് കൂടി സ്വീകരിച്ച അടിയന്തിര പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളിലൂടെ ഇവിടങ്ങളിൽ പക്ഷിപ്പനി നിയന്ത്രണ വിധേയമായി. കൂടാതെ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ നിർദ്ദേശപ്രകാരം മറ്റ് വളർത്തു മൃഗങ്ങളിലും തട്ടേക്കാട് പക്ഷി സങ്കേതത്തിലെ പക്ഷികളിലും പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം പരിശോധിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങളിൽ വൈറസിന്റെ സാന്നിധ്യം നാളിതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നുള്ളത് കർഷകരെയും പൊതുജനത്തെയും സംബന്ധിച്ചിടത്തോളം ആശാവഹമായ ഒരു കാര്യമാണിത്.
കുറച്ചു ദിവസങ്ങൾക്ക് ശേഷം പത്തനംതിട്ട ജില്ലയിലെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലും കോട്ടയം ജില്ലയിലെ മണർകാട് സർക്കാർ കോഴി വളർത്തൽ കേന്ദ്രത്തിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അടിക്കടി ഉണ്ടാവുന്ന പക്ഷിപ്പനി യെ കുറിച്ച് പഠിക്കുന്നതിന് ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്ന സമയത്താണ് ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി മുഹമ്മ എന്നിവിടങ്ങളിൽ ബ്രോയിലർ കോഴികളിലും കാക്കകളിലും തിരുവല്ല മുനിസിപ്പാലിറ്റിയിലെ ചുമ്മത്രയിലെ പക്ഷികളിലും അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്തത്. ഇവിടങ്ങളിലെ സാമ്പിളുകൾ ഉടൻ തന്നെ ഭോപ്പാലിലെ ലാബിൽ അയച്ചു പരിശോധിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ഇന്ന് (13-6-24) ഈ സാമ്പിളുകളിൽ പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തു.
നാളിതുവരെ ഈ മൂന്ന് ജില്ലകളിലെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ള 17 കേന്ദ്രങ്ങളിലായി 29120 പക്ഷികൾ മരണപ്പെട്ടിട്ടുണ്ട്. 
പക്ഷിപ്പനി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ മൂന്ന് ജില്ലകളിലെ 1,02,758 പക്ഷികളെ കൾ ചെയ്യുകയും 14732 മുട്ടയും 15221 കിലോഗ്രാം തീറ്റയും നശിപ്പിച്ചിട്ടുണ്ട്.   
നിരണം സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലെ 3948 താറാവുകളെയും കോട്ടയം മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെ 9175 കോഴികളെയും പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊന്നു സംസ്കരിക്കേണ്ടി വരികയും ചെയ്തു. 
പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ 
കാക്കകളിലും മറ്റ് പറവകളിലും വളർത്തു പക്ഷികളിലും ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങൾ അടുത്തുള്ള മൃഗാശുപത്രികളിൽ അറിയിക്കുക. 
ചത്ത പക്ഷികളെയോ, രോഗം ബാധിച്ചവയെയെയോ കൈകാര്യം ചെയ്യരുത്.
കാക്കകളെയും മറ്റു പക്ഷികളെയും ആകർഷിക്കുന്ന തരത്തിൽ പൊതുജനങ്ങൾ മാലിന്യങ്ങൾ പൊതു നിരത്തിലോ വെളിയിടങ്ങളിലോ വലിച്ചെറിയരുത്.
കാക്കകളെയും മറ്റു പക്ഷികളെയും ആകർഷിക്കുന്ന തരത്തിൽ ചന്തകളിലെ മാലിന്യങ്ങൾ കൂട്ടിയടരുത്.
ഫാമുകളിലും കോഴി വളർത്തൽ കേന്ദ്രങ്ങളിലും പൊതുജനങ്ങളുടെ പ്രവേശനം കർശനമായി നിയന്ത്രിക്കേണ്ടതാണ്.
 
  വീടുകളിലെ ഖരമാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കേണ്ടതാണ്. 
വനപ്രദേശങ്ങൾക്കു സമീപമുള്ള പ്രദേശങ്ങളിൽ പക്ഷികളിൽ അസ്വാഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്താൽ ഉടൻ തന്നെ വനം വകുപ്പ് അധികാരികളെയോ മൃഗാശുപത്രികളിലോ അറിയിക്കുക .
രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുന്നതിനും രോഗബാധിത പ്രദേശങ്ങൾ ശുചീകരിക്കുന്നതിനും ഉദ്യോഗസ്ഥരുമായി സഹകരിക്കുക.
നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
വ്യക്തിശുചിത്വം പാലിക്കുക.