രാഹുലിൻ്റെ കാറിലെ രക്തക്കറ, അമ്മയ്ക്കും സഹോദരിക്കുമെതിരെ അധിക കുറ്റം ചുമത്തിയേക്കും

 
Rahul

കോഴിക്കോട്: പ്രതി രാഹുൽ പി ഗോപാലിൻ്റെ കാറിൽ രക്തക്കറ കണ്ടെത്തി. ഫോറൻസിക് പരിശോധനയിൽ കാറിൻ്റെ സീറ്റിൽ രക്തക്കറ കണ്ടെത്തി അത് മനുഷ്യരക്തമാണെന്ന് സ്ഥിരീകരിച്ചു. രാഹുലിൻ്റെ ക്രൂര മർദനത്തിനിരയായ യുവതിയുടെ രക്തഗ്രൂപ്പുമായി യോജിപ്പിക്കുന്നതുൾപ്പെടെയുള്ള കൂടുതൽ പരിശോധനകൾക്കൊരുങ്ങുകയാണ് അധികൃതർ. ഇന്നലെ രാത്രി കാർ കസ്റ്റഡിയിലെടുത്ത പൊലീസ് രാഹുലിൻ്റെ വീട്ടിലും പരിശോധന നടത്തി.

അതിനിടെ രാഹുലിൻ്റെ അമ്മ പന്തീരാങ്കാവ് പന്നിയൂർകുളം സ്വദേശി ഉഷയ്ക്കും സഹോദരി കാർത്തികയ്ക്കും എതിരെ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ലഭിച്ചതിനെ തുടർന്ന് കൂടുതൽ കുറ്റം ചുമത്തിയേക്കുമെന്ന് റിപ്പോർട്ട്. എന്നാൽ ഇതിന് ഇതുവരെ സ്ഥിരീകരണമില്ല. ഇരുവരും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി തിങ്കളാഴ്ച പരിഗണിക്കും. അസിസ്റ്റൻ്റ് കമ്മീഷണർ സാജു കെ.എബ്രഹാം നോട്ടീസ് നൽകിയിട്ടുണ്ട്.

ആരോഗ്യനില മോശമായതിനാൽ ഹാജരാകാനാകില്ലെന്ന് അറിയിച്ച ഉഷ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രാഹുലിന് രക്ഷപ്പെടാൻ അവസരമൊരുക്കിയ സീനിയർ സിവിൽ പോലീസ് ഓഫീസർ ശരത് ലാലിനെ സസ്‌പെൻഡ് ചെയ്തു.

പ്രതികളെ രാജ്യം വിടാൻ സഹായിച്ചത് ഇയാളാണെന്ന് വ്യക്തമാണ്. സംഭവദിവസം പന്തീരാങ്കാവ് സ്റ്റേഷനിൽ ജിഡി ഡ്യൂട്ടിയിലായിരുന്നു. വധശ്രമക്കുറ്റം ചുമത്താനുള്ള നീക്കം ശരത് ലാൽ രാഹുലിനെ അറിയിച്ചു. പൊലീസ് ചെക്ക് പോസ്റ്റ് മറികടക്കാൻ രാഹുലിനെയും രാജേഷിനെയും സഹായിച്ചത് ഇയാളാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് ശരത് ലാൽ ഇരുവരെയും കണ്ടുമുട്ടിയതെന്നും തെളിഞ്ഞിട്ടുണ്ട്. ഇയാളുടെ കോൾ രേഖകൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്. പന്തീരാങ്കാവ് പോലീസിൽ നിന്ന് പ്രതിക്ക് സഹായം ലഭിച്ചതായി യുവതിയും കുടുംബാംഗങ്ങളും നേരത്തെ ആരോപിച്ചിരുന്നു.