ബോബി ചെമ്മണ്ണൂർ പോലീസ് കസ്റ്റഡിയിൽ; ഹണി റോസിൻ്റെ പരാതിയിലാണ് നടപടി


കൊച്ചി: നടി ഹണി റോസിൻ്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട്ടിൽ നിന്നാണ് ബോബിയെ കസ്റ്റഡിയിലെടുത്തത്. ഹണി റോസ് പരാതി നൽകിയതിനെ തുടർന്ന് ബോബി ചെമ്മണ്ണൂരിൻ്റെ നീക്കങ്ങൾ പോലീസ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു.
ഇയാൾ ഒളിവിൽ പോകാനും മുൻകൂർ ജാമ്യം തേടാനും ഒരുങ്ങുന്നതായി വിവരം ലഭിച്ചു. വയനാട്ടിലെ റിസോർട്ടിലേക്ക് മാറിയതറിഞ്ഞ് കൊച്ചി പോലീസ് വയനാട്ടിൽ പോലീസ് വിവരമറിയിച്ചു. കൊച്ചിയിൽ നിന്നുള്ള പോലീസ് സംഘവും സ്ഥലത്തെത്തി ബോബിയെ കസ്റ്റഡിയിലെടുത്തു. ഇയാളെ ഇന്ന് തന്നെ കൊച്ചിയിൽ എത്തിക്കും. എറണാകുളം സെൻട്രൽ എസിപി ജയകുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നടിയുടെ പരാതിയിൽ അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ ദിവസമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നൽകിയത്. തന്നെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നും ആരോപിച്ചു. എന്നാൽ തൻ്റെ പ്രസ്താവനകളിൽ ഇരട്ട അർത്ഥമോ ദുരുദ്ദേശ്യമോ ഇല്ലെന്നും സോഷ്യൽ മീഡിയ തൻ്റെ വാക്കുകൾ തെറ്റായി ചിത്രീകരിച്ചുവെന്നും ബോബി ചെമ്മണ്ണൂർ ആരോപണം നിഷേധിച്ചു.