ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത വനിതാ കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തി

ചണ്ഡിഗഡ്: ബസ് സ്റ്റാൻഡിന് സമീപമുള്ള ഒരു സ്യൂട്ട്കേസിനുള്ളിൽ ഒരു കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം കണ്ടെത്തി. സോണിപത്തിലെ കതുര ഗ്രാമത്തിൽ നിന്നുള്ള 22 കാരിയായ ഹിമാനി നർവാളിന്റേതാണ് മൃതദേഹം. റോഹ്തക്-ഡൽഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാൻഡിന് സമീപമാണ് ഇന്നലെ സ്യൂട്ട്കേസ് കണ്ടെത്തിയത്.
ഹരിയാനയിൽ രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ ഹിമാനി നർവാൾ പങ്കെടുത്തിരുന്നു. റോഹ്തക് എംപി ദീപീന്ദർ ഹൂഡയോടൊപ്പം വിവിധ രാഷ്ട്രീയ പരിപാടികളിലും അവർ സജീവ പങ്കാളിയായിരുന്നു. നാടോടി കലാരൂപമായ ഹരിയാൻവി നർത്തകി കൂടിയായിരുന്നു ഹിമാനി.
ബസ് സ്റ്റാൻഡിന് സമീപം ഉപേക്ഷിച്ച സ്യൂട്ട്കേസ് കണ്ട നാട്ടുകാർ പോലീസിനെ അറിയിച്ചു. ഹിമാനിയുടെ മൃതദേഹത്തിൽ ഒന്നിലധികം പരിക്കുകൾ ഉണ്ടായിരുന്നു. കഴുത്ത് ഞെരിച്ച് കൊന്നതിന്റെ പാടുകൾ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം സ്ത്രീയുടെ മൃതദേഹം ബസ് സ്റ്റാൻഡിന് സമീപം ഒരു സ്യൂട്ട്കേസിൽ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഹിമാനിയുടെ മരണത്തിൽ ഞെട്ടിപ്പോയ കോൺഗ്രസ് നേതാക്കൾ സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് കോൺഗ്രസ് എംഎൽഎ ഭരത് ഭൂഷൺ ബത്ര പറഞ്ഞു. അവർ വളരെ നല്ല ഒരു കോൺഗ്രസ് പ്രവർത്തകയായിരുന്നു. കുടുംബത്തിന് അനുശോചനം. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.