ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മരത്തിലിടിച്ചു; 17 പേർക്ക് പരിക്കേറ്റു

 
bus

മലപ്പുറം: ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടു. മലപ്പുറം വളാഞ്ചേരി വട്ടപ്പാറയിലാണ് അപകടം. ബസ് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന 17 പേർക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ 6.45ഓടെയാണ് അപകടം. കോഴിക്കോട് താമരശ്ശേരി സ്വദേശികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. യാത്രക്കാരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനമോടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നാണ് പ്രാഥമിക നിഗമനം.

ശബരിമല തീർഥാടനത്തിന് വന്ന ഭക്തരുടെ വാഹനവും കുട്ടിക്കാനത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റ സംഭവം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. കുട്ടിക്കാനം പൈൻമരക്കാടിന് സമീപമായിരുന്നു അപകടം.

തമിഴ്‌നാട്ടിൽ നിന്നുള്ള തീർത്ഥാടകരാണ് പരിക്കേറ്റത്. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തെറ്റായ ദിശയിൽ വന്ന ശബരിമല തീർഥാടകരുടെ വാഹനം ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.

ഓട്ടോറിക്ഷ മറിഞ്ഞപ്പോൾ കാർ മൺതിട്ടയിൽ ഇടിക്കുകയായിരുന്നു. ഇതോടെ വൻ ദുരന്തം ഒഴിവായി. കാർ ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് റിപ്പോർട്ട്.