ഉംറ തീർഥാടകരുമായി പോയ ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

 
Kerala

പാലക്കാട്: ഉംറ തീർഥാടകരുമായി യാത്രതിരിച്ച സ്വകാര്യ ബസിന് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് തീപിടിച്ചു. ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ ഉടൻ വാഹനം നിർത്തിയതിനാൽ യാത്രക്കാരെ സമയോചിതമായി പുറത്തിറക്കാൻ കഴിഞ്ഞു. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. 

ബസിന്റെ മുൻവശത്താണ് ആദ്യം തീയും പുകയും കണ്ടത്. നിമിഷങ്ങൾക്കകം തീ ആളിപ്പടർന്നെങ്കിലും സമീപവാസികളും വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും ചേർന്ന് അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചു. പിന്നാലെ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. 

ബസിലുണ്ടായിരുന്ന തീർഥാടകർ എല്ലാവരും സുരക്ഷിതമായി പുറത്തിറങ്ങിയതിനാൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.