ഉപതിരഞ്ഞെടുപ്പ്: ചേലക്കരയിൽ കണക്കിൽപ്പെടാത്ത 25 ലക്ഷം രൂപ പിടികൂടി
ചേലക്കര: രേഖകളില്ലാതെ കടത്തിയ 25 ലക്ഷം രൂപ പിടികൂടി. ചേലക്കര മണ്ഡലത്തിലെ വള്ളത്തോൾ നഗറിലെ കലാമണ്ഡലം വളപ്പിലാണ് സംഭവം. കുളപ്പുള്ളി സ്വദേശികളിൽ നിന്നാണ് പണം പിടികൂടിയത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം തെരഞ്ഞെടുപ്പ്, ആദായനികുതി ഉദ്യോഗസ്ഥർ കൊണ്ടുവന്ന പണത്തിന് കൃത്യമായ രേഖകളില്ലെന്ന് വ്യക്തമാക്കി.
ഇലക്ഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ രാവിലെ വാഹനപരിശോധന നടത്തി പണം പിടിച്ചെടുത്തു. കാറിൻ്റെ പിൻഭാഗത്തുള്ള ബാഗിലാണ് പണം സൂക്ഷിച്ചിരുന്നത്. കുളപ്പുള്ളി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. 25 ലക്ഷം രൂപയുമായി എറണാകുളത്തേക്ക് പോകുകയായിരുന്നു ഇവർ. വീടിൻ്റെ പണി പുരോഗമിക്കുകയാണ്, അതിനാവശ്യമായ മാർബിൾ വാങ്ങാനാണ് യാത്രയെന്ന് കാറിലുണ്ടായിരുന്ന ജയൻ പറഞ്ഞു.
ബാങ്കിൽ നിന്ന് പണം പിൻവലിച്ചതിന് രേഖകളുണ്ടെന്ന് ജയൻ പറഞ്ഞു. എന്നാൽ ഇത്രയും വലിയ തുക കൈവശം വയ്ക്കുന്നത് നിയമപരമല്ലെന്ന് കാണിച്ച് ആദായനികുതി ഉദ്യോഗസ്ഥർ പണം കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
പോലീസ് ഇപ്പോൾ മഹസർ തയ്യാറാക്കുകയാണ്, അതിനുശേഷം നടപടിയെടുക്കും. നാളെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മണ്ഡലത്തിൽ നിന്ന് പണം തിരിച്ചുപിടിക്കുന്നത്.