തിരൂരിൽ വാഹനാപകടം; ഏഴുവയസ്സുകാരൻ പരുക്കുകളോടെ മരിച്ചു
Nov 9, 2024, 11:43 IST
മലപ്പുറം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂൾ വിദ്യാർഥി ശനിയാഴ്ച മരിച്ചു. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിൻ്റെ മകൻ മുഹമ്മദ് റിക്‌സനാണ് (ഏഴ്) മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 9.45 ഓടെ തിരൂർ തലക്കടത്തൂർ ഓവുങ്കൽ പാറാൽ പള്ളിക്ക് സമീപമായിരുന്നു അപകടം. കാറിനും മതിലിനുമിടയിൽ കുടുങ്ങിയ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു.
റിക്‌സൻ റോഡിൻ്റെ സൈഡിലൂടെ നടന്നുപോകുമ്പോൾ നിയന്ത്രണം വിട്ട നാനോ കാർ ഇടിച്ചുകയറി കുട്ടിയെ മതിലിനും കാറിനുമിടയിൽ തകർത്തു. നാട്ടുകാർ സ്ഥലത്തെത്തി കാർ നീക്കി റിക്സനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.