ഹോട്ടലിൽ പ്രൊപലസ്തീനിയൻ പോസ്റ്റർ പതിച്ചതിന് കോഴിക്കോട്ടെ ആറ് ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെ കേസ്

 
case

കോഴിക്കോട്: ഹോട്ടലിൽ പലസ്തീൻ അനുകൂല പോസ്റ്ററുകൾ പതിച്ച സംഭവത്തിൽ ആറ് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് ബീച്ചിൽ പ്രവർത്തിക്കുന്ന സ്റ്റാർബക്‌സ് ഔട്ട്‌ലെറ്റിലാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ ആറ് പ്രവർത്തകർ പോസ്റ്ററുകൾ പതിച്ചത്. സംഭവത്തിൽ ഇവർക്കെതിരെ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തു.

കലാപമുണ്ടാക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സെക്രട്ടറിയെയും പ്രസിഡന്റിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വിദ്യാർഥികൾ അറിയിച്ചു.

അതിനിടെ, കർണാടകയിൽ പലസ്തീനെ പിന്തുണച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസിന്റെ പേരിൽ 20 വയസ്സുള്ള യുവാവിനെ പോലീസ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് കസ്റ്റഡിയിലെടുത്തിരുന്നു. കർണാടക വിജയനഗർ സ്വദേശി ആലം പാഷയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇസ്രയേൽ ഹമാസ് സംഘർഷത്തിനിടെ വിജയനഗറിലെ ആശുപത്രിയിൽ ചിലർ പലസ്തീന് പിന്തുണ നൽകുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു.

ക്രമസമാധാനം തകർക്കുന്ന തരത്തിലുള്ള ദേശവിരുദ്ധ വീഡിയോകൾ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഇത്തരം വീഡിയോകൾ പ്രചരിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടിയാണിതെന്ന് പൊലീസ് അറിയിച്ചു. രാജ്യദ്രോഹപരമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് പാഷയ്‌ക്കെതിരെ കേസെടുത്തു.