കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; ഐഎൻടിയുസി സംസ്ഥാന അധ്യക്ഷനെതിരെ വിചാരണയ്ക്ക് സർക്കാർ അനുമതി
കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ (KSCDC) കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരനും മറ്റ് പ്രതികൾക്കും എതിരെ വിചാരണ നടത്താൻ കേരള സർക്കാർ അനുമതി നൽകി. കേസിൽ അന്വേഷണം നടത്തിയ സിബിഐയുടെ ആവശ്യം അംഗീകരിച്ചാണ് നടപടി.
2006 മുതൽ 2015 വരെയുള്ള കാലയളവിൽ കശുവണ്ടി ഇറക്കുമതിയിൽ ക്രമക്കേടുകളും സാമ്പത്തിക അഴിമതിയും നടന്നെന്ന ആരോപണത്തെ തുടർന്നാണ് സിബിഐ അന്വേഷണം നടത്തിയത്. മുൻ കെഎസ്ഡിസി ചെയർമാനായ ആർ. ചന്ദ്രശേഖരനും മുൻ മാനേജിങ് ഡയറക്ടർ കെ. എ. രതീഷും ഉൾപ്പെടെ നാല് പേരെയാണ് അന്വേഷണ ഏജൻസി പ്രതിചേർത്തത്.
ഇതുവരെ മൂന്ന് തവണ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചിരുന്ന മുൻ എൽഡിഎഫ് സർക്കാരിന്റെ നിലപാടിൽ നിന്ന് വ്യത്യസ്തമായാണ് പുതിയ തീരുമാനം. വിഷയത്തിൽ കേരള ഹൈക്കോടതി പലതവണ സർക്കാരിനോട് അനുമതി സംബന്ധിച്ച തീരുമാനം പുനഃപരിശോധിക്കാൻ നിർദേശിച്ചിരുന്നു.
ഹൈക്കോടതി നിർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹർജിയും നിലവിലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ പ്രോസിക്യൂഷന് അനുമതി നൽകിയിരിക്കുന്നത്.
സർക്കാരിന്റെ അനുമതിയോടെ കേസിൽ സിബിഐയ്ക്ക് വിചാരണ നടപടികളിലേക്ക് കടക്കാനുള്ള നിയമതടസം നീങ്ങിയിരിക്കുകയാണ്. ഇതോടെ വർഷങ്ങളായി നീണ്ടുനിന്ന കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ നിർണായക നിയമനടപടികൾക്ക് വഴിതെളിഞ്ഞു.