ജയിലിനു മുന്നിൽ ആഘോഷം; രാഹുൽ മാംകൂട്ടത്തിലിനെതിരെ മറ്റൊരു കേസ്

 
Rahul

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാംകൂട്ടത്തിലിനെതിരെ വീണ്ടും കേസ്. പൂജപുര ജയിലിന് മുന്നിൽ നടത്തിയ ആഹ്ലാദ പ്രകടനത്തിന് കേസെടുത്തു. രാഹുലിന് പുറമെ ഷാഫി പറമ്പിൽ, അൻവർ സാദത്ത് എന്നിവരുൾപ്പെടെ തിരിച്ചറിഞ്ഞ അമ്പതിലേറെ പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

സംഘം ഗതാഗത തടസ്സമുണ്ടാക്കുകയും ജയിൽ ഓഫീസർമാരുടെ സംഘടനയുടെ ബോർഡ് നശിപ്പിക്കുകയും ചെയ്‌തതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സെക്രട്ടേറിയറ്റ്, ഡിജിപി ഓഫീസ് മാർച്ചിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിൽ എട്ട് ദിവസത്തെ ജയിൽവാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് രാഹുൽ പുറത്തിറങ്ങിയത്.

കോടതി ഉത്തരവ് പൂജപ്പുര ജില്ലാ ജയിലിലേക്ക് അയച്ച ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ രാഹുലിനെ വിട്ടയച്ചു. യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി.ശ്രീനിവാസിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഈ മാസം ഒമ്പതിന് രാവിലെ പത്തനംതിട്ടയിലെ വീട്ടിൽ നിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.