ആരോഗ്യ മേഖലയുടെ സംരക്ഷണത്തിന് കേന്ദ്രം നിയമം കൊണ്ടുവരും: ടോം വടക്കൻ

 മമതാ സർക്കാർ രാജിവെക്കണം 
 
Tom Vadakkan
Tom Vadakkan

തിരുവനന്തപുരം: ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരെ രാജ്യത്ത് അക്രമങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ  ആരോഗ്യ മേഖലയിൽ ഡോക്ടർമാർക്കും മറ്റുള്ളവർക്കും സേവന സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്രസർക്കാർ നിയമനിർമാണം നടത്തുന്നത് ആലോചിക്കുന്നുണ്ടെന്ന് ബി ജെ പി വക്താവ് ടോം വടക്കൻ. 

പശ്ചിമബംഗാളിലെ ആര്‍ജി കര്‍ മെഡിക്കല്‍കോളജില്‍ പിജി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ ഗുരുതര വീഴ്ചയുടെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി മമതാ ബാനര്‍ജി രാജിവയ്ക്കണമെന്നും  വക്താവ് ടോം വടക്കന്‍ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ചെങ്കൊടി പിടിച്ചെത്തുന്ന ത്രിണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ അക്രമം നടത്തുകയാണ്. തെളിവ് നശിപ്പിക്കാനും അക്രമത്തിനും കൂട്ടുനില്‍ക്കുന്ന സിറ്റിപോലീസ് കമ്മീഷണര്‍ വിനീത് ഖോലയെ സര്‍വീസില്‍ നിന്നും സ്‌പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
മുഖ്യമന്ത്രി ഒരു സ്ത്രീ ആയിരുന്നിട്ടുകൂടി പശ്ചിമബംഗാളില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല. ഒരുവനിതാ ഡോക്ടര്‍ക്ക് നേരെ ഇത്രയും വലിയ കൊടുംക്രൂരത ഉണ്ടായിട്ടും കേസ് സിബിഐക്ക് കൈമാറുന്നത് ദിവസങ്ങളോളം വൈകിപ്പിച്ചു. കേസ് അട്ടിമറിക്കുമെന്ന് ഹൈക്കോടതി പോലും പറഞ്ഞു. തൃണമൂല്‍ ആക്രമി സംഘം ആശുപത്രി ആക്രമിച്ച് തെളിവുകള്‍ നശിപ്പിച്ചു. കേസ് അന്വേഷിക്കുന്ന പോലീസ് കമ്മീഷണര്‍ ത്രിണമൂല്‍കോണ്‍ഗ്രസിന്റെ അക്രമത്തിന് ഒത്താശ ചെയ്യുകയാണ്. മന്ത്രിപുത്രനെയടക്കം രക്ഷിക്കാനുള്ള ശ്രമത്തിലാണ് മതയും കമ്മീഷണറുമെന്നാണ് സൂചന. 

ഡോക്ടറുടെ മൃതദേഹത്തില്‍ നിന്നും 150 മില്ലീലിറ്ററിലധികം പുരുഷ ബീജം കണ്ടെത്തിയിട്ടുപോലും കൂട്ട ബലാത്സംഗം എന്ന് സ്ഥിരീകരിക്കാന്‍ പോലീസ് മടിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വരുന്നത് വരെ ഒരാള്‍ മാത്രമാണ് കുറ്റവാളി എന്നതരത്തിലായിരുന്നു പോലീസിന്റെ പ്രചാരണം. പുരുഷബീജം പരിശോധിക്കാനായി എത്തിച്ച ലാബും സംഭവം നടന്ന കോണ്‍ഫറന്‍സ് റൂമും അടക്കം ഇടിച്ചുനിരത്താന്‍ ത്രിണമൂല്‍കോണ്‍ഗ്രസ്സിന്റെ ഗുണ്ടാസംഘം എത്തും മുന്നേ പോലീസ് ഓടി മറഞ്ഞു. ഇത് ആരെ സംരക്ഷിക്കാനാണെന്ന് മമതയും ത്രിണമൂല്‍ കോണ്‍ഗ്രസ്സും വ്യക്തമാക്കണം. ജനാധിപത്യം ചൂണ്ടിക്കാട്ടി സഭയില്‍ നിന്ന് ഇറങ്ങിപ്പോയ ടിഎംസി എംപിമാര്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു. 

കോണ്‍ഗ്രസ്സും ഇന്‍ഡി സഖ്യവും മമതയുടെയും ത്രിണമുതല്‍ കോണ്‍ഗ്രസിന്റെയും അക്രമങ്ങള്‍ക്ക് കൂട്ടുനില്‍കുകയാണ്. പ്രിയങ്കാ ഗാന്ധി 'ലഡ്കി ഹൂന്‍ ലാഡ് ശക്തി ഹൂണ്‍' എന്ന് മുദ്രാവാക്യം വിളിച്ചാല്‍ മാത്രം പോരാ.  സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടണം. സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 'തല്‍ക്ഷണം' പണം കൈമാറുമെന്ന് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കിയ രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് പശ്ചിമ ബംഗാളിലെ അതിക്രമങ്ങളോട് പ്രതികരിക്കാത്തതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡോക്ടറുടെ കൊലപാതകവും ആശുപത്രിയിലെ അക്രമവും പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ശ്രദ്ധയിലുണ്ട്. ശക്തമായ നടപടികൾ ഉണ്ടാകും.  

വഖഫ് നിമയം മുസ്ലീം വിഭാഗത്തിന് എതിരല്ലന്ന് ടോം വടക്കൻ വ്യക്തമാക്കി. വഖഫ് ബോര്‍ഡ് ലാന്റ് മാഫിയ ആയി മാറിയെന്നും മുസ്ലീം വിഭാഗവുമായി വഖഫ് ബോര്‍ഡിന് ഇപ്പോള്‍ ബന്ധമില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. മുസ്ലീം ജനങ്ങള്‍ക്ക് ഉപയോഗിക്കേണ്ടുന്ന പണം ചിലരില്‍ മാത്രം കേന്ദ്രീകരിക്കപ്പെടുന്നുവെന്നും വിവിധ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. പി.സുധീര്‍, സംസ്ഥാന സമിതി അംഗം ആര്‍. പ്രദീപ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.