അരിവില വർദ്ധനവിന് കാരണമാകുന്ന കേന്ദ്ര നിലപാട് തിരുത്തണം: മന്ത്രി ജി.ആർ. അനിൽ

 
anil

തിരുവനന്തപുരം: അരിവില വർദ്ധനവിന് കാരണമാകാവുന്ന കേന്ദ്രനിലപാട് തിരുത്തണമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ.അനിൽ അവശ്യപ്പെട്ടു. സംസ്ഥാനത്തിനുള്ള ടൈഡ് ഓവര്‍ വിഹിതം വര്‍ദ്ധിപ്പിക്കാത്തതും ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീമില്‍ നിന്ന് സര്‍ക്കാരിനെയും സര്‍ക്കാര്‍ ഏജന്‍സികളേയും വിലക്കിയതും സംസ്ഥാനത്ത് അരിയുടെ വിലക്കയറ്റത്തിന്  കാരണമായേക്കാം. ഈ സാഹചര്യത്തില്‍, ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീമില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാരിനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് ഉടന്‍ പിന്‍വലിക്കണം. 

പൊതുവിപണിയില്‍ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനും എഫ്.സി.ഐ-യുടെ പക്കലുള്ള അരിയുടേയും ഗോതമ്പിന്റേയും അധിക സ്റ്റോക്ക് വില്‍പന നടത്തുന്നതിനും വേണ്ടിയാണ്  ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ളത്. ഗവണ്‍മെന്റ്, ഗവ. ഏജന്‍സികള്‍,  സ്വകാര്യ ഏജന്‍സി, വ്യക്തികള്‍ എന്നിവര്‍ക്ക് ടെന്ററില്‍ പങ്കെടുത്തുകൊണ്ട് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാവുന്നതാണ്. എഫ്.സി.ഐ ഡിപ്പോ തലത്തിലാണ് E-auction നടത്തുന്നത്. ‍ഡിപ്പോയിലെ ലഭ്യതയ്ക്കനുസരിച്ചാണ് ടെന്ററില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷ്യധാന്യം ലഭിക്കുക. 

ഭക്ഷ്യധാന്യങ്ങളുടെ വില നിശ്ചയിക്കുന്നത് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രാലയമാണ്. അരിയ്ക്ക് നിലവില്‍ നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വില  ക്വിന്റലിന് 2900 രൂപയും ഫോര്‍ട്ടി ഫൈഡ് അരിയ്ക്ക്  ക്വിന്റലിന് 2973 രൂപയുമാണ്. ഗോതമ്പിന്റെ അടിസ്ഥാന വില ക്വിന്റലിന് 2150 രൂപയാണ്. mjunction എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിനെയാണ്  E-auction പ്രവര്‍ത്തനങ്ങള്‍ക്കായി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ചുമതലപ്പെടുത്തിയിട്ടുള്ളത്.

E-auction-ല്‍ പങ്കെടുക്കുന്നവര്‍ mjunction എന്ന പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. E-auction-ല്‍ സാധാരണഗതില്‍ വലിയ മത്സരം ഉണ്ടാകാത്തതുകൊണ്ട് അടിസ്ഥാന വിലയ്ക്ക് തന്നെ ഭക്ഷ്യധാന്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ലഭ്യതക്കുറവും ആവശ്യക്കാര്‍ കൂടുതലുമായാല്‍ വില ഉയരാന്‍ സാധ്യതയുണ്ട്.

സര്‍ക്കാരിന്റെ ഏജന്‍സി എന്ന നിലയില്‍ 2022-23 വരെ സപ്ലൈകോ സ്ഥിരമായി E-auction-ല്‍ പങ്കെടുത്തുകൊണ്ട് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങിയിരുന്നു. എന്നാല്‍ നിലവില്‍ സര്‍ക്കാരിനോ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ OMSS ല്‍ പങ്കെടുത്തുകൊണ്ട് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ കഴിയില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇത്തരമൊരു തീരുമാനം കേരളത്തെ പോലൊരു ഉപഭോക്തൃ സംസ്ഥാനത്തെ വലിയതോതില്‍ ദോഷകരമായി ബാധിക്കും. പൊതുവിപണിയില്‍ ആവശ്യത്തിന് അരി ലഭ്യമാകാത്ത സാഹചര്യം ഇതിലൂടെ സൃഷ്ടിക്കപ്പെടും. 

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന 14.25 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളില്‍ 10.26 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളും 43% വരുന്ന മുന്‍ഗണനാ വിഭാഗത്തിന് അനുവദിക്കപ്പെട്ടിട്ടുള്ളതാണ്. ബാക്കിയുള്ള 3.99 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യമാണ്  57% വരുന്ന മുന്‍ഗണനേതര വിഭാഗത്തിന് റേഷന്‍കടകള്‍ വഴി നല്‍കുന്നത്. നിലവില്‍ ലഭിച്ചുവരുന്ന ടൈഡ് ഓവര്‍ വിഹിതം സംസ്ഥാനത്തിന്റെ ആവശ്യത്തിന് പര്യാപ്തമല്ലാത്തതു കൊണ്ടാണ് ടൈ‍ഡ് ഓവര്‍ വഹിതം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം സംസ്ഥാനം നിരന്തരമായി ഉന്നയിക്കുന്നത്. നിലവില്‍ ലഭിച്ചുവരുന്ന ടൈഡ് ഓവര്‍ വിഹിതം സംസ്ഥാനത്തിന്റെ ആവശ്യത്തിന് പര്യാപ്തമല്ലാത്തതു കൊണ്ടാണ് ടൈ‍ഡ് ഓവര്‍ വഹിതം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം സംസ്ഥാനം നിരന്തരമായി ഉന്നയിക്കുന്നത്.  ടൈഡ് ഓവർ വിഹിതം.

സംസ്ഥാനത്തിനുള്ള ഒരു മാസത്തെ അരിയുടെ ടൈഡ് ഓവര്‍ വിഹിതം 33,294 മെട്രിക് ടണ്ണാണ്. ഇത് സംസ്ഥാനത്തെ 57% വരുന്ന മുന്‍ഗണനേതര വിഭാഗത്തിന് ആവശ്യമായ തോതില്‍ നല്‍കുന്നതിന് പര്യാപ്തമല്ല. മാത്രവുമല്ല, 33,294 മെട്രിക് ടണ്‍ എന്ന പ്രതിമാസ സീലിംഗ് ഉത്സവസീസണുകള്‍, ദുരിതാശ്വാസ പ്രര്‍ത്തനങ്ങള്‍ പോലുള്ള പ്രത്യേക സാഹചര്യങ്ങളില്‍ കാര്‍ഡുടമകള്‍ക്ക് കൂടുതല്‍ അരി നല്‍കുന്നതിന് തടസ്സമായി നില്‍കുന്നു. അവശ്യഘട്ടങ്ങളില്‍ സീലിംഗ് പരിധിക്കുമുകളില്‍ അരി വിതരണം നടത്തേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. 

ഈ സാഹചര്യങ്ങളില്‍ എല്ലാം തന്നെ സംസ്ഥാനത്തിനുള്ള സബ്സിഡി ആനുകൂല്യം വെട്ടിക്കുറയ്ക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ടൈഡ് ഓവര്‍ വിഹിതം വര്‍ദ്ധിപ്പിക്കണമെന്നും അരിയുടെ പ്രതിമാസ വിതരണവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള സീസിംഗ് ഒഴിവാക്കണമെന്നുമുള്ള സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല.

തെലുങ്കാനയില്‍ നിന്നുള്ള അരി, മുളക് എന്നിവ ലഭ്യമാക്കും.        മുന്‍കാലങ്ങളില്‍ സംസ്ഥാനത്തിന് അനുവദിച്ചുവന്നിരുന്ന ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ എന്നിവയുടെ വിഹിതത്തിലും വലിയ തോതിലുള്ള വെട്ടിക്കുറവാണ് കേന്ദ്ര സര്‍ക്കാര്‍ വരുത്തിയിട്ടുള്ളത് നിങ്ങള്‍ക്ക് അറിവുള്ളതാണെല്ലോ?

ഈ സാഹചര്യത്തിലാണ് കേരളത്തിന് ആവശ്യമായ അരി, മുളക് എന്നിവ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നത് സംമ്പന്ധിച്ച് കഴിഞ്ഞ ദിവസം (02.02.2024) ബഹു. തെലുങ്കാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ശ്രീ. ഉത്തംകുമാര്‍ റെഡ്ഡിയുമായി ഹൈദരാബാദില്‍ വച്ച് ചര്‍ച്ച നടത്തിയത്.

ചര്‍ച്ചയില്‍ കേരളത്തിന് ആവശ്യമായ ഇനം അരിയും മുളകും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ തെലുങ്കാന സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തെ സംബന്ധിച്ചടുത്തോളം ഉത്സവങ്ങളുടെ മാസങ്ങളാണ് ഇനിയങ്ങോട്ട്. അരിയുള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ വില വര്‍ദ്ധിക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമായാണ് തെലുങ്കാനയില്‍ നിന്നും അരി, മുളക് എന്നിവ ലഭ്യമാക്കുന്നത്.