വയനാട് ദുരന്തത്തിൽ കേന്ദ്രത്തിൻ്റെ നിലപാട് നിരാശാജനകം; കേരളത്തെ ഒറ്റപ്പെടുത്തരുതെന്ന് മന്ത്രി രാജൻ

 
K.Rajan

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേന്ദ്രത്തിൻ്റെ നിലപാട് നിരാശാജനകമെന്ന് മന്ത്രി കെ രാജൻ. കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുകയാണ്. കേരളം ആവശ്യപ്പെട്ട കാര്യങ്ങളിൽ കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ഒരു മാധ്യമത്തോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

‘ഇത് കെ വി തോമസിനോടുള്ള വെല്ലുവിളി കേരള സർക്കാരിനോടല്ല, മുക്കാല് കോടി മലയാളികളോടാണ്. ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിലുള്ള നൈസ എന്ന കുട്ടിയുൾപ്പെടെയുള്ളവരുടെ ജീവിതം എങ്ങനെ മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി സ്ഥലം സന്ദർശിച്ചപ്പോൾ ചിന്തിക്കേണ്ടതായിരുന്നു. 40 കോടി രൂപയാണ് ത്രിപുരയ്ക്ക് നൽകിയത്. അതിൽ ഞങ്ങൾക്ക് പ്രശ്‌നമില്ല, എന്നാൽ കേരളത്തെ ഒറ്റപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവിലെ ചട്ടങ്ങൾ പ്രകാരമാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ഡൽഹിയിലെ സംസ്ഥാന സർക്കാരിൻ്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി.തോമസിനെ അറിയിച്ചത്.

കേന്ദ്ര-സംസ്ഥാന ദുരന്ത പ്രതികരണ നിധി (NDRF, SDRF) നിയമം അനുസരിച്ച് ഒരു ദുരന്തത്തെയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ല. ദുരന്തനിവാരണത്തിൻ്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാണ്. ഇതിനാവശ്യമായ ഫണ്ട് കേരളത്തിലുണ്ടെന്നും ആഭ്യന്തര സഹമന്ത്രിയുടെ കത്തിൽ ചൂണ്ടിക്കാട്ടി. ഏപ്രിൽ ഒന്നിന് കേരളത്തിലെ ദുരന്തനിവാരണ ഫണ്ടിൻ്റെ ബാക്കി തുക 394.99 കോടി രൂപയാണെന്നാണ് അക്കൗണ്ടൻ്റ് ജനറലിൻ്റെ റിപ്പോർട്ട്.

2024-25 സാമ്പത്തിക വർഷത്തിൽ 388 കോടി രൂപ (കേന്ദ്ര വിഹിതമായി 291.20 കോടിയും സംസ്ഥാന വിഹിതമായി 96.80 കോടിയും) ദുരന്തനിവാരണത്തിനായി അനുവദിച്ചു. ഇതിൽ ആദ്യ ഗഡുവായ 145 കോടി ജൂലായ് 31 നും രണ്ടാം ഗഡുവായ 145.60 കോടി ഒക്‌ടോബർ ഒന്നിനും അഡ്വാൻസ് ആയി കൈമാറി.

എൻഡിആർഎഫ് നിയമപ്രകാരം നൽകുന്ന സാമ്പത്തിക സഹായം ആശ്വാസമാണെന്നും നഷ്ടപരിഹാരമല്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.