സമഗ്ര കാർഷിക സംഭാവനയ്ക്കുള്ള ആദ്യ ഉമ്മൻചാണ്ടി പുരസ്‌കാരം ചെറുവയൽ രാമന്‍

 
Kerala

കേരളത്തിന്റെ കാർഷിക മേഖലയ്ക്ക് സമഗ്ര സംഭാവന നൽകിയതിനുള്ള ആദ്യ ഉമ്മൻചാണ്ടി പുരസ്‌കാരം വയനാട്ടിലെ കർഷകനും വിത്തുസംരക്ഷകനുമായ ചെറുവയൽ കെ. രാമന്. 2025ലെ സംസ്ഥാന കാർഷിക അവാർഡുകൾ പ്രഖ്യാപിക്കുന്നതിനിടെയാണ് ആദ്യ ഉമ്മൻചാണ്ടി സ്മാരക പുരസ്‌കാരം പ്രഖ്യാപിച്ചത്. 

അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷണത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് രാമനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. 

വയനാട്ടിലെ ആദിവാസി കർഷകനായ ചെറുവയൽ രാമൻ അപൂർവമായ നിരവധി നെൽവിത്തിനങ്ങൾ സംരക്ഷിക്കുന്നതിലൂടെ ശ്രദ്ധേയനാണ്. വിത്തുകളുടെ സംരക്ഷണത്തിനും പരമ്പരാഗത കൃഷിരീതികൾ നിലനിർത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾക്കായി 2023ൽ അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ പ്ലാന്റ് ജീനോം സംരക്ഷക കർഷക പുരസ്‌കാര ജേതാക്കളുടെ പട്ടികയിലും രാമന്റെ പേര് ഉൾപ്പെട്ടിട്ടുണ്ട്. 

കേരള സംസ്ഥാന കാർഷിക അവാർഡുകൾ ആഗസ്റ്റ് 17ന് കലമശേരിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. മുഖ്യമന്ത്രി ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.