മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിലിനെ സസ്‌പെൻഡ് ചെയ്തു
തിരുവനന്തപുരം ചേന്തിയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് ഡിസിസി അംഗം ചേന്തി അനിലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ ശ്രീകാര്യം പൊലീസ് അനിലിനെ കസ്റ്റഡിയിലെടുത്തിരുന്നു.
ചേന്തിയിൽ നടന്ന ചതയദിന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിനെ തുടർന്നാണ് അനിലും സംഘവും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അന്യായമായി തടഞ്ഞുവെക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെന്നും അവസാന നിമിഷം പങ്കെടുക്കാതിരുന്നതാണ് പ്രതിഷേധത്തിന് കാരണമെന്നും അനിൽ പ്രതികരിച്ചു. അതേസമയം, വാഹനവ്യൂഹം തടഞ്ഞിട്ടില്ലെന്നും കൈകാണിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.