ജനാധിപത്യപരമായ അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും കുറിച്ച് കുട്ടികൾ ബോധവാന്മാരായി വളരണം: മന്ത്രി വീണാ ജോർജ്

 
Veena george

പത്തനംതിട്ട : ഭരണഘടന ഉറപ്പു നൽകുന്ന ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നതിന് ഓരോരുത്തർക്കും ഉത്തരവാദിത്വമുണ്ടെന്ന സന്ദേശമാണ് ബാല പാർലമെന്റ് മുന്നോട്ട് വയ്ക്കുന്നതെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാന  ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാ ജില്ല ങ്ങളിലും സംഘടിപ്പിച്ച ബാലപാർലമെൻറിൻ്റെ സംസ്ഥാന തല ഉദ്ഘാടനം പത്തനംതിട്ട  മല്ലപ്പള്ളി മാർ ഡയനേഷ്യസ് സീനിയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ജനാധിപത്യപരമായ അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും കുറിച്ചു കുട്ടികൾ ബോധവാന്മാരായി വളരണം. നിയമനിർമാണ സഭയിൽ നിന്നുണ്ടാകുന്ന നിയമങ്ങൾ രാജ്യത്തിനെ മുന്നോട്ട് നയിക്കുന്നതും ഭാവി നിർണയിക്കാൻ പോകുന്നതുമാണ്. നിയമസഭയിൽ നടക്കുന്ന കാര്യങ്ങളെ നിസാരമായി അവതരിപ്പിക്കുന്ന തെറ്റായ പ്രവണത നിലനിൽക്കുമ്പോൾ സംസ്ഥാന  ശിശുക്ഷേമ സമിതി ബാല പാർലമെന്റ് സംഘടിപ്പിക്കുന്നതിലൂടെ സമൂഹത്തിന് നൽകുന്ന സന്ദേശം വളരെ വലുതാണ്. നിയമനിർമാണ സഭകളിൽ നടക്കുന്നത് മനസിലാക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്.  ഭാവി ഇന്ത്യയെ നയിക്കാനുള്ള കുട്ടികളിലൂടെ ബാലപാർലമെന്റ് സംഘടിപ്പിക്കുന്നതിലൂടെ ശിശുക്ഷേമ സമിതി പ്രധാനപ്പെട്ട ഇടപെടലാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ​ഗോപി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ,  സംസ്ഥാന ശിശുക്ഷേമ സമിതി ട്രഷറർ എസ് ജയപാൽ, ജില്ലാ സെക്രട്ടറി ജി. പൊന്നമ്മ, വനിതാ ശിശു വികസന ഓഫീസർ അബ്ദുൾ ബാരി,  സംഘാടക സമിതി ചെയർമാൻ ബിനു വർ​ഗീസ്, കല്ലൂപ്പാറ ​ഗ്രാമപഞ്ചായത്തം​ഗം രതീഷ് പീറ്റർ, എക്സിക്യൂട്ടീവ് അം​ഗങ്ങൾ, സിഡബ്ലുസി അം​ഗങ്ങൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നടന്ന ബാലപർലമെൻ്റിൽ മന്ത്രിമാർ, മുൻമന്ത്രിമാർ പാർലമെൻ്റ്, നിയമ സംഭാഗങ്ങൾ ജില്ലാ കളക്ടർമാർ മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു. ജില്ലാ ശിശുക്ഷേമ സമിതി മുഖേന യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻ്റ്റി വിഭാഗത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 30 കുട്ടികൾ ബാലപാർലമെൻ്റിൽ പ്രസിഡൻ്റ് പ്രധാനമന്ത്രി സ്പീക്കർ പ്രതിപക്ഷ നേതാവ് തുടങ്ങിയ നേതാക്കളായും മറ്റു കുട്ടികൾ ജനപ്രതിനിധികളായും പങ്കെടുത്തു.