തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ച സംഭവം: ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കും
Jun 1, 2024, 21:59 IST
ആലപ്പുഴ: ഹരിപ്പാട് മുനിസിപ്പാലിറ്റിയിൽ തെരുവുനായയുടെ കടിയേറ്റ് മരണപ്പെട്ട കുട്ടിയുടെ വീട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ജലജ ചന്ദ്രൻ സന്ദർശിച്ചു. വിഷയത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്ത് നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ അംഗം അറിയിച്ചു. ഹരിപ്പാട് കോട്ടയ്ക്കകം കാഞ്ഞിരം പറമ്പത്ത് വീട്ടിൽ ദീപു - രാധിക ദമ്പതികളുടെ മകൻ ഒമ്പതു വയസ്സുകാരൻ ദേവനാരായണൻ ആണ് മരണപ്പെട്ടത്. കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് മാതാപിതാക്കളുടെ പരാതി കമ്മിഷൻ അംഗം വിശദമായി കേട്ടു. ഹരിപ്പാട് മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തായ പള്ളിപ്പാടും തെരുവുനായശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
ആലപ്പുഴ ജില്ല ശിശു സംരക്ഷണ ഓഫീസർ ടി.വി. മിനിമോൾ, സോഷ്യൽ വർക്കർ ഉണ്ണികൃഷ്ണൻ എന്നിവർക്കൊപ്പമാണ് കമ്മിഷൻ അംഗം എത്തിയത്.