ക്രിസ്ത്യൻ സ്ത്രീകൾക്ക് ഇനി നിലവിലെ താമസസ്ഥലത്തുനിന്ന് വിവാഹമോചന ഹർജി നൽകാം

ചരിത്രവിധിയുമായി കേരള ഹൈക്കോടതി
 
Kerala HC

ക്രിസ്ത്യൻ സ്ത്രീകൾക്ക് വിവാഹമോചന ഹർജി തങ്ങൾ നിലവിൽ താമസിക്കുന്ന സ്ഥലത്തെ കുടുംബക്കോടതിയിൽ സമർപ്പിക്കാമെന്ന് കേരള ഹൈക്കോടതി. വിവാഹം നടന്ന സ്ഥലമോ ഭർത്താവിനൊപ്പം അവസാനമായി താമസിച്ച സ്ഥലമോ ഭർത്താവ് നിലവിൽ താമസിക്കുന്ന സ്ഥലമോ വ്യത്യസ്തമായാലും, ഭാര്യയ്ക്ക് സ്വന്തം നിലവിലെ താമസസ്ഥലത്തെ കോടതിയെ സമീപിക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 

ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാരും പ്രീത എ.കെയും ഉൾപ്പെട്ട ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. 1869ലെ ഡിവോഴ്സ് ആക്ടിലെ സെക്ഷൻ 3(3) വ്യാഖ്യാനിച്ചാണ് കോടതി ക്രിസ്ത്യൻ സ്ത്രീകൾക്ക് ഈ അവകാശം ഉറപ്പാക്കിയത്. 

വയനാട് സ്വദേശിയായ ക്രിസ്ത്യൻ യുവതിയാണ് കേസിലെ ഹർജിക്കാരി. വിവാഹശേഷം കാസർഗോഡ് ഭർത്താവിനൊപ്പം താമസിച്ചിരുന്ന ഇവർ ഗാർഹിക പീഡനത്തെ തുടർന്ന് കുട്ടികളുമായി വയനാട്ടിലെ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് കൽപ്പറ്റ കുടുംബക്കോടതിയിൽ വിവാഹമോചന ഹർജി നൽകിയെങ്കിലും അധികാരപരിധി ചൂണ്ടിക്കാട്ടി ഹർജി സ്വീകരിച്ചിരുന്നില്ല. 

ഹിന്ദു വിവാഹ നിയമത്തിലും സ്പെഷ്യൽ മാരേജ് ആക്ടിലും ഭാര്യയ്ക്ക് സ്വന്തം താമസസ്ഥലത്തെ കോടതിയിൽ വിവാഹമോചന ഹർജി നൽകാൻ നിയമപരമായ സൗകര്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്രിസ്ത്യൻ സ്ത്രീകൾക്ക് മാത്രം ഇത്തരമൊരു സൗകര്യം നിഷേധിക്കുന്ന തരത്തിലുള്ള വ്യാഖ്യാനം വിവേചനപരമാകുമെന്ന് കോടതി നിരീക്ഷിച്ചു. 

ഇതോടെ, ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചുപോകാൻ കഴിയാത്ത സാഹചര്യത്തിലുള്ള ക്രിസ്ത്യൻ സ്ത്രീകൾക്ക് ദൂരെയുള്ള മറ്റൊരു ജില്ലയിൽ കേസ് നടത്തേണ്ടി വരുന്ന പ്രയാസം ഒഴിവാകും. നിലവിൽ അവർ താമസിക്കുന്ന പ്രദേശത്തെ കുടുംബക്കോടതിയിൽ തന്നെ വിവാഹമോചന നടപടികൾ ആരംഭിക്കാൻ സാധിക്കും.