സിഐടിയുവും എസ്.എഫ്.ഐയും ഭീകരത അഴിച്ചുവിടുന്നു: കെ.സുധാകരന്‍ എംപി

 
SUDHAKARAN  MP
മലപ്പുറം: സിപിഎമ്മിന്റെ പോഷക സംഘടനകളായ സി.ഐ.ടി.യുവും എസ്.എഫ്.ഐയും സംസ്ഥാനത്ത് ഭീകരത അഴിച്ചുവിടുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
കാമ്പസുകളില്‍ എസ്.എഫ്.ഐ അഴിഞ്ഞാടുമ്പോള്‍ സി ഐടിയു പൊതുസ്ഥലങ്ങളില്‍ ജനങ്ങളുടെ മേല്‍ കുതിരകയറുകയാണ്. മലപ്പുറം എടപ്പാളില്‍ ചരക്കിറക്കലിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് തൊഴിലാളികളെ അത്രികൂരമായിട്ടാണ് സിപിഎമ്മിന്റെ തൊഴിലാളി സംഘടനാ നേതാക്കള്‍ മര്‍ദ്ദിച്ചത്.സി ഐടിയുവിന്റെ ആക്രമണം ഭയന്നോടിയ ഫയാസ് ഷാജഹാനെന്ന ചെറുപ്പക്കാരന് കെട്ടിടത്തില്‍ നിന്ന് വീണ് ഇരുകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. മറ്റുതൊഴിലാളികളെ ഫൈബര്‍ ട്യൂബ് ലൈറ്റ് കൊണ്ടും കൈ കൊണ്ടും സി ഐടിയുകാര്‍ മര്‍ദ്ദിച്ചെന്ന് ഫയാസിന്റെ പിതാവും കൂലി നല്‍കാമെന്ന് പറഞ്ഞിട്ടും മര്‍ദ്ദനം തുടര്‍ന്നെന്ന് കരാറുകാരനും മാധ്യമങ്ങളോട് വ്യക്തമാക്കി.എസ്.എഫ്.ഐയും സി.ഐ.ടിയും സിപിഎമ്മിന്റെ ഗുണ്ടാപ്പടയായി മാറി.ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ക്കുന്ന ഇത്തരം സംഘടനകള്‍ക്ക് സമൂഹത്തില്‍ പ്രവര്‍ത്തിക്കാനുള്ള അര്‍ഹതയില്ലെന്നും സുധാകരന്‍ പറഞ്ഞു. 
തൊഴിലാളികളെ മര്‍ദ്ദിച്ച പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കാന്‍ പോലീസ് മടിക്കുകയാണ്. സമാന നിലപാടാണ് കാര്യവട്ടം കാമ്പസില്‍ എസ്.എഫ്.ഐ അതിക്രമം നടത്തിയപ്പോഴും പോലീസ് സ്വീകരിച്ചത്. അക്രമം നടത്തുന്നത് സിപിഎമ്മിന്റെ പ്രവര്‍ത്തകരാണെങ്കില്‍ നിഷ്‌ക്രിയമാവുകയും അത് ചോദ്യം ചെയ്യാനെത്തുന്ന യുഡിഎഫിന്റെ എം.എല്‍.എമാര്‍ക്കെതിരെ കേസെടുത്ത് ആത്മാര്‍ത്ഥത കാട്ടുകയും ചെയ്യുന്ന പോലീസ് നിലപാട് തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിന് തുല്യമാണ്.അധികാര ഭ്രാന്ത് എന്തും ചെയ്യാനുള്ള ലൈസന്‍സായി സിപിഎം കാണരുത്. നിരപരാധികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന സിപിഎമ്മിന്റെ രക്ഷാപ്രവര്‍ത്തന ശൈലി നാടിന് ആപത്താണ്.
ഒന്നാം പിണറായി സര്‍ക്കാര്‍ നോക്കുകൂലി ഒഴിവാക്കി നിയമം നടപ്പാക്കിയെങ്കിലും സി ഐടിയുവിന് മാത്രം അത് ബാധകമല്ലെന്ന് നിലപാടാണ്. നോക്കുകൂലിക്കെതിരെ ഹൈക്കോടതി നിരന്തരമായി ഇടപെട്ടിട്ടും സ്വന്തം നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അലംഭാവം തുടര്‍ന്നു.ഇവരെ സംരക്ഷിക്കുന്ന ഇടതു സര്‍ക്കാരിന്റെ ഭരണത്തില്‍ നോക്കുകൂലി നിരോധനനിയമം വെറും നോക്കുകുത്തിയാണെന്നും സുധാകരന്‍ പരിഹസിച്ചു. 
-----------------
വാര്‍ത്താക്കുറിപ്പ്
6.7.24
കെപിസിസിയുടെ ക്യാമ്പ്  
എക്‌സിക്യൂട്ടീവ് വയനാട് 16നും 17നും
ലോക്‌സഭയിലും നിയമസഭയിലേക്കും നടക്കുന്ന ഉപതെരഞ്ഞടുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെയും മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജൂലൈ 16,17 തീയതികളില്‍ കെപിസിസിയുടെ ക്യാമ്പ് എക്‌സിക്യൂട്ടീവ് വയനാട് വെച്ച് നടത്തുമെന്ന് ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു. 
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ സപ്ത റിസോര്‍ട്ടില്‍ വെച്ച് നടക്കുന്ന ക്യാമ്പില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷനേതാവ് വിഡി സതീശന്‍,കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല,ശശി തരൂര്‍ എംപി,കൊടിക്കുന്നില്‍ സുരേഷ് എംപി തുടങ്ങിയവര്‍ മുഴുവന്‍ സമയം പങ്കെടുക്കും.
കെപിസിസി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,എംപിമാര്‍,എംഎല്‍എമാര്‍,കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍,ഡിസിസി പ്രസിഡന്റുമാര്‍, പോഷക സംഘടനകളുടെ അധ്യക്ഷന്‍മാര്‍ എന്നിവരാണ് ക്യാമ്പില്‍ പങ്കെടുക്കുക. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം പ്രവര്‍ത്തന മാര്‍ഗ്ഗരേഖയ്ക്കും യോഗം രൂപം നല്‍കും. 
---------------
വാര്‍ത്താക്കുറിപ്പ്
6.7.24
ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം 
വിപുലമായി ആചരിക്കാന്‍ കെപിസിസി
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം വിപുലമായ പരിപാടികളോടെ കെപിസിസി ആചരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. അനുസ്മരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 18ന് കോട്ടയം ഡിസിസിയുടെ ആഭിമുഖ്യത്തില്‍ മാമ്മന്‍ മാപ്പിള്ള ഹാളില്‍ നടക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അധ്യക്ഷത വഹിക്കുന്ന യോഗം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും.
മറ്റു ഡിസിസികളുടെയും ബ്ലോക്ക്-മണ്ഡലം-ബൂത്ത് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ അന്നേ ദിവസം പുഷ്പാര്‍ച്ചന, രക്തദാന ക്യാമ്പ്,പൊതുസമ്മേളനം എന്നിവയും സംഘടിപ്പിക്കും. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും ഉമ്മന്‍ചാണ്ടിയുടെ കാരുണ്യ സ്പര്‍ശം ഏറ്റിട്ടുള്ളവരും ഉള്‍പ്പെടെയുള്ളവര്‍ പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കും. 
----------
പ്രിയദര്‍ശിനി സാഹിത്യോല്‍സവം ഇന്ന് ( ജൂലൈ 7 ) കെ.പി. സി.സി ആസ്ഥാനത്ത് 
തിരുവനന്തപുരം: പ്രിയദര്‍ശിനി സാഹിത്യോല്‍സവം ഇന്ന് നടക്കും
കെ.പി. സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ രാവിലെ 9.30 മുതല്‍ 3.30 വരെയാണ് മല്‍സരങ്ങള്‍ നടക്കുന്നതെന്ന് പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാന്‍ അഡ്വ. പഴകുളം മധുവും സെക്രട്ടറി ബിന്നി സാഹിതിയും അറിയിച്ചു. 
ഒരു മാസം നീണ്ടു നിന്ന വായന മാസാചരണ പരിപാടിയുടെ ഭാഗമായാണ് പ്രിയദര്‍ശിനി സാഹിത്യോല്‍സവം സംഘടിപ്പിച്ചിട്ടുള്ളത്. 
രാവിലെ 9.30 മുതല്‍ 10.30 വരെ കെ.ജി ,എല്‍ .പി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ചിത്രരചന ,കളറിംഗ് മല്‍സരം നടക്കും തടര്‍ന്ന് 11.30 മുതല്‍ യു.പി ,ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പെയ്ന്റിംഗ് മല്‍സരം നടക്കും. 
രാവിലെ 10 മുതല്‍ കഥ ,കവിത രചനാ മല്‍സരവും നടക്കുന്നതാണ്. 
ഉച്ചക്ക് ശേഷം 2 മണിക്ക് യു.പി. വിദ്യാര്‍ത്ഥികള്‍ക്കായി ബാല്യകാല സഖി എന്ന ബഷീറിന്റെ പുസ്തകത്തെ ആസ്പദമാക്കി പ്രശ്‌നോത്തരി മത്സരവും നടക്കും.രാവിലെ 11.30 ന് മുന്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം അഡ്വ. കെ. മോഹന്‍കുമാര്‍ മത്സരം ഉദ്ഘാടനം ചെയ്യും.