ക്രഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തി 2.75 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി

 
Credit

മെഡിക്കൽ കോളജ്: പ്രമുഖ സ്വകാര്യ ബാങ്കിൻ്റെ ക്രഡിറ്റ് കാർഡ് നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് വ്യക്തിവിവരങ്ങൾ ശേഖരിച്ച ശേഷം  2.75 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയതായി പരാതി. ഉള്ളൂർ നീരാഴി ലെയിൻ സ്വദേശിയാണ് ഫോൺ സന്ദേശം വഴി തട്ടിപ്പ് നടത്തിയ മായംഗ് കുമാർ എന്നയാൾക്കെതിരെ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയത്. കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന പ്രമുഖ സ്വകാര്യ ബാങ്കിൻ്റെ ക്രഡിറ്റ് കാർഡ് നൽകാമെന്ന ഉറപ്പിൽ പരാതിക്കാരന് നിലവിലുള്ള വിവിധ ബാങ്കുകളുടെ ക്രഡിറ്റ് കാർഡുകളുടെ വിവരങ്ങൾ കൂടി സംഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. 

ക്രഡിറ്റ് കാർഡുകളുടെ വിവരങ്ങൾ ശേഖരിച്ച ശേഷം ഫ്ലിപ്കാർട്ട് വഴി 1,27,000 രൂപയുടെ സാധനങ്ങൾ വാങ്ങുകയും മറ്റൊരു സ്വകാര്യ ബാങ്കിൽ നിന്നും 1,13,009 രൂപയുടെ വായ്പ സംഘടിപ്പിച്ചുമാണ് തട്ടിപ്പ് നടത്തിയത്. പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.