രണ്ടുപേരുടെ നില ഗുരുതരം, നാട്ടിക അപകടത്തിൽ പ്രതികൾക്കെതിരെ ബോധപൂർവമായ നരഹത്യക്കേസ്

 
Crm

തൃശൂർ: നാട്ടികയിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർക്കും ക്ലീനർക്കും എതിരെ ബോധപൂർവമായ നരഹത്യക്ക് കേസെടുത്തതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. അപകടത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കും. നടപടിക്രമങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.

ഡ്രൈവർ സീറ്റിലിരുന്നയാളുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായി. ഇരുവരും മാഹിയിൽ വാഹനം നിർത്തി മദ്യം വാങ്ങി കഴിച്ചുവെന്നാണ് പോലീസ് റിപ്പോർട്ട്. ബോധപൂർവമായ നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ അതത് വീടുകളിലെത്തിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

അതേസമയം അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്ന് പേരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ജയവർധൻ വിജയും ചിത്രയും ചികിത്സയിലാണ്. ഇവർക്ക് ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും ഒരുക്കണമെന്ന് ജില്ലാ ഭരണകൂടം മെഡിക്കൽ കോളേജിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ തൃശൂർ നാട്ടികയിൽ ജെ കെ തിയേറ്ററിന് സമീപമുള്ള മേൽപ്പാലത്തിലാണ് അപകടം. തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ഉറങ്ങിക്കിടന്നവരുടെ മുകളിലൂടെ പാഞ്ഞുകയറുകയായിരുന്നു.

കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബെംഗഴി (20) എന്നിവരാണ് മരിച്ചത്. ഇവരിൽ ഒരാളെ ഇനിയും തിരിച്ചറിയാനുണ്ട്. പാലക്കാട് ഗോവിന്ദാപുരം ചെമ്മനംതോട് സ്വദേശികളാണെന്നാണ് പോലീസിന് ലഭിച്ച വിവരം.

മദ്യപിച്ചെത്തിയ ക്ലീനറാണ് ലോറി ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. അദ്ദേഹത്തിന് ലൈസൻസ് ഇല്ലായിരുന്നു. സംഭവത്തിൽ ലോറി ഡ്രൈവർ ജോസ്, ക്ലീനർ കണ്ണൂർ ആലക്കോട് സ്വദേശി അലക്‌സ് (33) എന്നിവർ അറസ്റ്റിലായി.