അരൂർ–തുറവൂർ ഉയരപ്പാതയുടെ നിർമാണം അന്തിമഘട്ടത്തിൽ; 93 ശതമാനം പൂർത്തിയായി
ദേശീയപാതയിലെ അരൂർ–തുറവൂർ ഉയരപ്പാതയുടെ നിർമാണം 93 ശതമാനം പൂർത്തിയായതായി ദേശീയപാത അതോറിറ്റി അറിയിച്ചു. രാജ്യത്ത് ഒറ്റത്തൂണുകളിൽ നിർമിക്കുന്ന ഏറ്റവും നീളമേറിയ ഉയരപ്പാതകളിലൊന്നായ പദ്ധതിയുടെ നിർമാണം ഡിസംബറോടെ പൂർത്തിയാക്കാനാണ് നിലവിലെ ലക്ഷ്യം. ഏകദേശം 2,200 കോടി രൂപയാണ് പദ്ധതിയുടെ നിർമാണച്ചെലവ്.
13.23 കിലോമീറ്റർ നീളവും 24.5 മീറ്റർ വീതിയുമുള്ള ആറുവരിപ്പാതയാണ് നിർമിക്കുന്നത്. അരൂർ മുതൽ തുറവൂർ വരെയുള്ള പ്രധാന ഭാഗത്തെ 354 തൂണുകളുടെ നിർമാണവും ഏകദേശം 12 കിലോമീറ്റർ ഉയരപ്പാതയുടെ നിർമാണവും പൂർത്തിയായിട്ടുണ്ട്. ശേഷിക്കുന്ന പ്രധാന ജോലികളിൽ ഉയരപ്പാതയുടെ അവസാന ഭാഗവും പ്രവേശന-പുറത്തിറക്കൽ റോഡുകളും ഉൾപ്പെടുന്നു.
ഉയരപ്പാതയുടെ 5.5 കിലോമീറ്റർ ഭാഗത്ത് ടാറിങ് പൂർത്തിയായി. ചന്തിരൂർ, പാട്ടുകുളങ്ങര എന്നിവിടങ്ങളിലെ റാംപുകളുടെ നിർമാണവും പുരോഗമിക്കുകയാണ്. എരമല്ലൂരിൽ നിർമിക്കുന്ന ടോൾ പ്ലാസയുടെ ഏകദേശം 90 ശതമാനം ജോലികളും പൂർത്തിയായിട്ടുണ്ട്.
അരൂർ–തുറവൂർ ഭാഗത്ത് 353 സൗരോർജ തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന ജോലിയും ആരംഭിച്ചിട്ടുണ്ട്. വൈദ്യുത സുരക്ഷയ്ക്കായി ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്നതും വാഹനഗതാഗതം ആരംഭിക്കുമ്പോഴുള്ള ശബ്ദമലിനീകരണം കുറയ്ക്കുന്നതിനുള്ള നോയ്സ് ബാരിയർ സ്ഥാപിക്കുന്നതും പുരോഗമിക്കുന്നു. പ്രതികൂല കാലാവസ്ഥയും നിർമാണത്തിനിടയിലെ മാറ്റങ്ങളും മൂലം നേരത്തെയുള്ള സമയക്രമം വൈകിയതിനെ തുടർന്നാണ് ഇപ്പോൾ ഡിസംബറിൽ പദ്ധതി പൂർത്തിയാക്കാനുള്ള ലക്ഷ്യം നിശ്ചയിച്ചിരിക്കുന്നത്.