ശബരിമല തീര്‍ത്ഥാടനകാല തയ്യാറെടുപ്പിന് പൊതുമരാമത്ത് വകുപ്പില്‍ കോര്‍ ടീം : മന്ത്രി പി.എ.മുഹമ്മദ് റിയാസ്

 
Sabarimala
Sabarimala

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക കോര്‍ ടീം രൂപീകരിച്ചതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കണ്‍വീനറായ ടീമില്‍  അഡീഷണല്‍ സെക്രട്ടറി, കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടര്‍, കെ.ആര്‍.എഫ്.ബി(പി.എം.യു) പ്രൊജക്ട് ഡയറക്ടര്‍, നിരത്ത്, പാലങ്ങള്‍, ദേശീയപാത, ഡിസൈന്‍ വിഭാഗം ചീഫ് എഞ്ചിനീയര്‍മാര്‍, റിക്ക്,പ്രതീക്ഷ -  ആശ്വാസ് മാനേജിംഗ് ഡയറക്ടര്‍മാര്‍ എന്നിവര്‍ അംഗംങ്ങളാണ്. ശബരിമല തീര്‍ത്ഥാടന കാലത്തിന് മുന്നോടിയായുള്ള പ്രവൃത്തി വിലയിരുത്തലിനായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
 
ഓരോ ജില്ലകളിലും പ്രവൃത്തി വിലയിരുത്തുന്നതിനുള്ള  ചുമതല ഓരോ ചീഫ് എഞ്ചിനീയര്‍മാര്‍ക്കായി നല്‍കി. പ്രത്യേക ഇന്‍സ്പെക്ഷന്‍ ടീമും ഓരോ ജില്ലകള്‍ക്കായി രൂപീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് 25-ന്  മുന്‍പ് പരിശോധന നടത്തി ഈ ടീം റിപ്പോര്‍ട്ട് നല്‍കണം.തീര്‍ത്ഥാടന കാലം അവസാനിക്കും വരെ ഈ സംഘത്തിന്റെ പരിശോധന തുടരും. ജില്ലകളിലെ എല്ലാ വിംഗുകളുടെയും പ്രവൃത്തികള്‍ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയര്‍മാര്‍ക്കും നല്‍കി.

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത് മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. സാങ്കേതികാനുമതി, ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കല്‍ തുടങ്ങിയവയും സമയബന്ധിതമായി നടപ്പാക്കണം. തീര്‍ത്ഥാടന കാലം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മുഴുവന്‍ റോഡുകളും ഗതാഗതയോഗ്യമായിരിക്കണം. ചില റോഡുകളില്‍ അപകടങ്ങള്‍ ഉണ്ടാകുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. അത്തരം റോഡുകളില്‍ ആവശ്യമായ സുരക്ഷാപരിശോധനകള്‍ നടത്തുകയും റോഡ്സ് സേഫ്റ്റി പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുകയും വേണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരെ കൂടി കണക്കിലെടുത്ത് വിവിധ ഭാഷകളിലുള്ള സൈനേജ് ബോര്‍ഡുകള്‍ ഉണ്ടെന്ന് ഉറപ്പാക്കണം. റോഡുകളുടെ ഇരുഭാഗങ്ങളും കാട് വെട്ടിത്തെളിച്ച് കാല്‍നട യാത്രക്കാര്‍ക്ക് കൂടി സൗകര്യം ഒരുക്കണം.  തെരുവ് വിളക്ക് സംവിധാനവും ഡ്രെയിനേജ് സംവിധാനവും കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തണം മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

റസ്റ്റ് ഹൗസുകളില്‍ ആവശ്യമായ സൗകര്യങ്ങളെല്ലാം ഉണ്ടാകണം.പാലങ്ങളുടെ  കൈവരികളടക്കം  നല്ല രീതിയില്‍ പരിപാലിക്കണം. പൂര്‍ത്തിയാക്കാന്‍ കഴിയുന്ന പാലങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ വേഗതയില്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് ,ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്,എം.എല്‍.എ-മാരായ മാത്യു.ടി.തോമസ്, കെ.യു. ജനീഷ് കുമാര്‍, പ്രമോദ് നാരായണന്‍, വാഴൂര്‍ സോമന്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ.ബിജു ,അഡീഷണല്‍ സെക്രട്ടറി ഷിബു.എ, പത്തനംതിട്ട ജില്ലാ കലക്ടര്‍ പ്രേംകൃഷ്ണന്‍, ചീഫ് എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.