കൊച്ചി വിമാനത്താവളത്തിൽ ദമ്പതികൾ പിടിയിൽ

 ട്രൗസറിനുള്ളിൽ തുന്നിവെച്ച നിലയിൽ ₹1.94 കോടിയുടെ സ്വർണപ്പേസ്റ്റ് പിടിച്ചെടുത്തു
 
Kerala

അബുദാബിയിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തമിഴ്നാട് സ്വദേശികളായ ദമ്പതികളെ ഏകദേശം ₹1.94 കോടി വിലവരുന്ന സ്വർണപ്പേസ്റ്റ് കടത്താൻ ശ്രമിച്ച കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ട്രൗസറിന്റെ അരഭാഗത്ത് തുന്നിവെച്ച നിലയിലായിരുന്നു സ്വർണപ്പേസ്റ്റ് ഒളിപ്പിച്ചിരുന്നത്. 

പുതുക്കോട്ടൈ സ്വദേശികളായ 26-കാരനായ റിഫ്നാസ് ഹമീദ് മുഹമ്മദ് ഷെരീഫും 23-കാരിയായ ഭാര്യ ജനോഫർ ഖാദർ ബീവി ഉമർ ഫാറൂഖുമാണ് പിടിയിലായത്. ജൂലൈ 13-ന് അബുദാബിയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇരുവരും കൊച്ചിയിലെത്തിയത്. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് കടത്താൻ ശ്രമിച്ച സ്വർണം കണ്ടെത്തിയത്. 

ട്രൗസറിന്റെ അരഭാഗത്ത് പ്രത്യേക രീതിയിൽ തുന്നിവെച്ചിരുന്ന സ്വർണപ്പേസ്റ്റിൽ നിന്ന് 24 കാരറ്റ് സ്വർണം വേർതിരിച്ചെടുത്തപ്പോൾ 1,353.92 ഗ്രാം സ്വർണം ലഭിച്ചു. പിടിച്ചെടുത്ത സ്വർണത്തിന്റെ മൂല്യം ₹1,93,55,640 ആണെന്ന് കസ്റ്റംസ് അറിയിച്ചു. ഇരുവരെയും കസ്റ്റംസ് നിയമപ്രകാരം അറസ്റ്റ് ചെയ്തതായും സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.