അഞ്ചുവയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ അമ്മയെ കോടതി വെറുതെവിട്ടു

 
judgement

കോഴിക്കോട്: അഞ്ചുവയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതിയെ പോക്‌സോ കോടതി വെറുതെവിട്ടു. പ്രതി സമീറയാണ് കുറ്റം ചെയ്തതെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് വിധിയിൽ ചൂണ്ടിക്കാട്ടി. പയ്യാനക്കൽ ബീച്ചിലെ ചാമുണ്ഡിവളപ്പിലെ നവാസിൻ്റെയും സമീറയുടെയും മകൾ ആയിഷ റാണ 2021 ജൂലൈ 7 നാണ് മരിച്ചത്. മാനസിക വിഭ്രാന്തിയെ തുടർന്നാണ് അമ്മ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തി. കനം കുറഞ്ഞ തൂവാലയോ തുണിയോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആയിഷയുടെ മരണദിവസം സമീറയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ചികിത്സയ്ക്കായി കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

അവിടെ നൽകിയ ചികിത്സയിൽ സമീറയ്ക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തി. അന്ധവിശ്വാസമാകാം കൊലപാതകത്തിന് കാരണമെന്ന് സമീറയെ ചികിത്സിച്ച ഡോക്ടർ പറഞ്ഞു. എന്നാൽ കൊലപാതകം കോടതിയിൽ തെളിയിക്കാനായില്ല.