കോടതി വിധി പിഎഫ്ഐയെ നിരോധിച്ച കേന്ദ്ര സർക്കാർ നിലപാട് ശരിവെക്കുന്നത്: കെ.സുരേന്ദ്രൻ

 
K.surendran

കൽപ്പറ്റ: രൺജിത്ത് ശ്രീനിവാസൻ്റെ കൊലപാതകത്തിൽ 15 പ്രതികൾക്കും വധശിക്ഷ കിട്ടിയത് സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് ശരിവെക്കുന്നതാണ് കോടതിവിധി.  പിഎഫ്ഐയെ സഹായിച്ചവർക്കുമുള്ള തിരിച്ചടിയാണ് ഈ വിധിയെന്നും കേരള പദയാത്രയുടെ ഭാഗമായി കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പിഎഫ്ഐ നിരോധിച്ച ശേഷവും അവരെ സഹായിക്കുകയാണ് സിപിഎമ്മും സർക്കാരും ചെയ്യുന്നത്.

ലീഗും സിപിഎമ്മും പോപ്പുലർ ഫ്രണ്ട് അണികളെ റിക്രൂട്ട് ചെയ്യാൻ മത്സരിക്കുകയാണ്. രൺജിത്തിൻ്റെ കുടുംബത്തിന് നീതി ലഭിച്ചു. രൺജിത്തിൻ്റെ മരണത്തിൽ കുടുംബത്തിൻ്റെയും പാർട്ടിയുടേയും നഷ്ടം നികത്താനാവില്ല. കുറ്റവാളികൾക്ക് അർഹിച്ച ശിക്ഷ തന്നെയാണ് കിട്ടിയത്. കേരളത്തിൽ സമാധാനം തകർക്കാൻ പിഎഫ്ഐ ശ്രമിച്ചത് ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിൽ കേന്ദ്രസർക്കാരിൻ്റെ ശക്തമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളെ അവർ ലക്ഷ്യം വെക്കുമായിരുന്നു.

ഇരുട്ടിൻ്റെ ശക്തികൾക്ക് അധികകാലം വാഴാനാവില്ലെന്നതിൻ്റെ ഉദാഹരണമാണ് കോടതി വിധി. ഭീകരവാദികളുടെ പ്രവർത്തനങ്ങളോട് ഇനിയും കേരളം ജാഗ്രത പാലിക്കേണ്ടതുണ്ട്. രൺജിത്തിൻ്റെ കേസിൽ മേൽക്കോടതിയിലും സംസ്ഥാനം ശക്തമായ നിലപാടെടുക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

ലോകം മുഴുവൻ ബന്ധമുള്ള നേതാവാണെങ്കിലും രാഹുലിനെ കൊണ്ട് വയനാടിന് ഒരു ഗുണവുമില്ല

ഒരു ഉത്തരവാദിത്തബോധവുമില്ലാത്ത എംപിയാണ് രാഹുൽ ഗാന്ധി. എന്ത് കാര്യമാണ് അദ്ദേഹം വയനാട്ടിൽ ചെയ്തത്? ലോകം മുഴുവൻ ബന്ധമുണ്ടെങ്കിലും അദ്ദേഹത്തെ കൊണ്ട് വയനാട്ടുകാർക്ക് ഒരു ഗുണവുമില്ല. രാഹുലിനേക്കാൾ തിരക്കുള്ള പ്രധാനമന്ത്രി വാരാണസിയുടെ വികസനത്തിന് ചെയ്തതിൻ്റെ നൂറിൽ ഒന്ന് അദ്ദേഹം ചെയ്തോ? വയനാട് ആസ്പിരേഷൻ ജില്ലയാണ്. കേന്ദ്ര ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി രണ്ട് തവണ ഇവിടെ വന്ന് വയനാടിൻ്റെ വികസനത്തിന് വേണ്ടി ചർച്ച നടത്തി.

എന്നാൽ രാഹുൽ ഒരു തുടർ യോഗത്തിലും പങ്കെടുത്തില്ല. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ആദർശ് ഗ്രാം പദ്ധതിയിലെ പഞ്ചായത്ത് എവിടെയാണ്? ലോകം മുഴുവൻ ബന്ധങ്ങളുള്ള രാഹുലിനെ കൊണ്ട് വയനാട്ടുകാർക്ക് എന്ത് പ്രയോജനം? എല്ലാ കേന്ദ്രമന്ത്രിമാരും ആഴ്ച്ചയിൽ ഒരിക്കൽ സ്വന്തം മണ്ഡലത്തിൽ പോകും. പ്രധാനമന്ത്രി പോലും രണ്ട് മാസത്തിൽ ഒരിക്കൽ സ്വന്തം മണ്ഡലത്തിൽ പോകും. രാഹുൽ മാത്രമാണ് മണ്ഡലത്തെ അവഗണിക്കുന്നത്.

അമേത്തിയിൽ പരാജയപ്പെടുത്തിയ പോലെ രാഹുലിനെ വയനാട്ടിലും പരാജയപ്പെടുത്തണം. സിപിഐ എന്തിനാണ് വയനാട്ടിൽ മത്സരിക്കുന്നത്? വികസനവിരോധിയായ രാഹുലിനെ പരാജയപ്പെടുത്താൻ സിപിഐ മാറി നിൽക്കണം. എൻഡിഎ ശക്തമായ മത്സരം നടത്തും. ഐൻഡി മുന്നണിയിലെ പ്രധാന നേതാവിനെ പരാജയപ്പെടുത്താൻ എൽഡിഎഫ് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടോയെന്നും സുരേന്ദ്രൻ ചോദിച്ചു.

യൂത്ത് കോൺഗ്രസിൻ്റെ വ്യാജ കേസ് ഏറ്റെടുക്കാനാവില്ലെങ്കിൽ ക്രൈംബ്രാഞ്ച് മാറി നിൽക്കണം. കേസ് ദേശീയ ഏജൻസികൾക്ക് വിട്ടുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് കെപി മധു, കോഴിക്കോട് മേഖല പ്രസിഡൻ്റ് ടിപി ജയചന്ദ്രൻ, സംസ്ഥാന സമിതി അംഗം കെ.സദാനന്ദൻ എന്നിവർ പങ്കെടുത്തു.