ദാവൂദ് ഇബ്രാഹിമിനെ അനുകരിക്കുന്ന ക്രിമിനൽ അജിത് കുമാർ; പി ശശിക്കെതിരെ ഗുരുതര ആരോപണവുമായി പിവി അൻവർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പിവി അൻവർ എംഎൽഎ. പി ശശിയേയും എഡിജിപി എംആർ അജിത്കുമാറിനേയും മുഖ്യമന്ത്രി ചുമതലപ്പെടുത്തിയെങ്കിലും അവർ ആ ചുമതല കൃത്യമായി ചെയ്തില്ലെന്നും അൻവർ ആരോപിക്കുന്നു.
ദാവൂദ് ഇബ്രാഹിമിനെ അനുകരിക്കുന്ന ക്രിമിനലാണ് അജിത് കുമാറെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസ് ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അൻവറിൻ്റെ പ്രതികരണം.
'പോലീസിനെതിരെ കൂടുതൽ തെളിവുകളുണ്ട്. സർക്കാരിനെയും പാർട്ടിയെയും ബോധ്യപ്പെടുത്തും. ചില പോലീസ് ഉദ്യോഗസ്ഥർ രാജ്യവിരുദ്ധ പ്രവർത്തനങ്ങളാണ് നടത്തുന്നത്. മുഖ്യമന്ത്രി ഏൽപ്പിച്ചത് എഡിജിപിയും പി ശശിയും ചെയ്തില്ല. ദാവൂദ് ഇബ്രാഹിമിൻ്റെ മാതൃകയിലുള്ള ക്രിമിനലാണ് അജിത് കുമാർ.
ആളുകളെ കൊല്ലുകയും കൊലപ്പെടുത്തുകയും ചെയ്ത സംഘവുമായാണ് ഏറ്റുമുട്ടൽ. കസ്റ്റംസ് ഉദ്യോഗസ്ഥർ കള്ളക്കടത്തുകാരെ കടത്തിവിടുകയും തുടർന്ന് പോലീസിനെ അറിയിക്കുകയും ചെയ്യും. പിടികൂടിയ സ്വർണം അപഹരിക്കും. ഇതാണ് രീതി. വിശ്വസ്തർ മുഖ്യമന്ത്രിയെ പ്രതിസന്ധിയിലാക്കുന്നു. സ്ത്രീയായതിനാൽ അജിത്കുമാറിൻ്റെ ഭാര്യയെ ഒഴിവാക്കുന്നു. എങ്കിലും ആവശ്യമെങ്കിൽ കൂടുതൽ കാര്യങ്ങൾ ഞാൻ വെളിപ്പെടുത്തും.