വീണാ ജോർജിനെതിരായ കേസിൽ നിർണായക വഴിത്തിരിവ്; മൊഴി തിരുത്തി ഗൺമാൻ അഭിലാഷ്
കണ്ണൂർ: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. കെഎസ്യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മുൻപ് മൊഴി നൽകിയിരുന്ന ഗൺമാൻ അഭിലാഷ് എം.എസ്. പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുന്നിൽ മൊഴി തിരുത്തിയതായി റിപ്പോർട്ട്. കെഎസ്യു പ്രവർത്തകർ വീണാ ജോർജിനെ ആക്രമിക്കുന്നത് നേരിട്ട് കണ്ടിട്ടില്ലെന്നാണ് അഭിലാഷ് അന്വേഷണ സംഘത്തോട് വ്യക്തമാക്കിയതെന്നാണ് വിവരം.
ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന മൊഴി വീണാ ജോർജ് പറഞ്ഞതനുസരിച്ചാണ് നൽകിയതെന്നും അഭിലാഷ് മൊഴി നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തേ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തത്. പുതിയ വെളിപ്പെടുത്തൽ കേസിന്റെ അന്വേഷണത്തിൽ നിർണായകമായേക്കുമെന്നാണ് വിലയിരുത്തൽ.
2026 ഫെബ്രുവരി 25നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരെ കെഎസ്യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേറ്റതിനെത്തുടർന്ന് ഗൺമാന്റെ പരാതിയിൽ റെയിൽവേ പൊലീസ് കേസെടുക്കുകയായിരുന്നു. എം.സി. അതുൽ, വി.വി. അക്ഷയ്, ബിതുൽ ബാലൻ, സി.എച്ച്. മുബാസ്, അഹമ്മദ് യാസിൻ എന്നിവരെയാണ് കേസിൽ പ്രതികളാക്കിയത്. ഇവർ 16 ദിവസത്തോളം റിമാൻഡിൽ കഴിഞ്ഞ ശേഷമാണ് ജാമ്യം ലഭിച്ചത്.
സംഭവസമയത്ത് റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴികളും ദൃശ്യങ്ങളും കേസിൽ പരിശോധിക്കുന്നുണ്ട്. പ്രതിഷേധത്തിനിടെ ആയുധം ഉപയോഗിച്ചുള്ള ആക്രമണം നടന്നതായി വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. പ്രതിഷേധത്തിനിടെയുണ്ടായ ഉന്തിലും തള്ളിലുമാണ് കഴുത്തിന് പരിക്കേറ്റതെന്ന് വീണാ ജോർജ് പിന്നീട് മൊഴി നൽകിയതായും റിപ്പോർട്ടുകളുണ്ട്.
പുതിയ മൊഴിയുടെ പശ്ചാത്തലത്തിൽ കേസിൽ ചുമത്തിയ വകുപ്പുകളും ആദ്യഘട്ടത്തിൽ നൽകിയ മൊഴിയുടെ സാഹചര്യങ്ങളും അന്വേഷണസംഘം വീണ്ടും പരിശോധിച്ചേക്കും. തെറ്റായ മൊഴി നൽകിയെന്ന ആരോപണത്തിൽ ഗൺമാൻ അഭിലാഷിനെതിരെ വകുപ്പുതല നടപടി ശുപാർശ ചെയ്ത് ഡിജിപിക്ക് റിപ്പോർട്ട് നൽകാനും എസ്ഐടി ആലോചിക്കുന്നതായാണ് വിവരം. കേസിലെ ആരോപണങ്ങളിൽ അന്തിമ നിഗമനത്തിലെത്താൻ അന്വേഷണവും തുടർ നിയമനടപടികളും നിർണായകമാകും.