സ്ത്രീധനമായി 80 പവൻ ആവശ്യപ്പെട്ട് ഡെൽനയെ മാനസികമായി പീഡിപ്പിച്ചു

നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും അമ്മയും റിമാൻഡിൽ

 
crm

കണ്ണൂർ: യുവാവിൻ്റെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെയും അമ്മയെയും കോടതി റിമാൻഡ് ചെയ്തു. കണ്ണൂർ ചാനോക്കുണ്ട് സ്വദേശി ബിനോയിയുടെ മകൾ ഡെൽന (23) ആണ് മരിച്ചത്. ഡെൽനയുടെ ഭർത്താവ് സനൂപ് ആൻ്റണി (24), അമ്മ സോളി ആൻ്റണി (47) എന്നിവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

നാല് മാസം മുമ്പാണ് ഡെൽനയും സനൂപും വിവാഹിതരായത്. സ്ത്രീധനമായി 80 പവൻ സ്വർണം ആവശ്യപ്പെട്ട് സനൂപും സോളിയും ഡെൽനയെ മാനസികമായി പീഡിപ്പിച്ചിരുന്നു. പീഡനം സഹിക്കവയ്യാതെ ഡെൽന ഭർത്താവിൻ്റെ വീട് വിട്ട് സ്വന്തം വീട്ടിലേക്ക് പോയി.

ഒന്നര മാസം മുമ്പാണ് ഡെൽന വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരിച്ചത്.

സ്ത്രീധനത്തിൻ്റെ പേരിൽ ഡെൽന മാനസികമായി പീഡിപ്പിക്കപ്പെട്ടുവെന്നും ആത്മഹത്യാശ്രമത്തിന് ഭർത്താവിൻ്റെ കുടുംബമാണ് ഉത്തരവാദികളെന്നും കാണിച്ച് ഡെൽനയുടെ കുടുംബം നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. ചികിത്സയിലായിരുന്ന ഡെൽനയുടെ മൊഴി കുന്നമംഗലം മജിസ്‌ട്രേറ്റും രേഖപ്പെടുത്തി. 

തുടർന്ന് സനൂപിനും സോളിക്കുമെതിരെ പൊലീസ് കേസെടുത്ത് ജാമ്യത്തിൽ വിട്ടു. ഡെൽനയുടെ മരണത്തെ തുടർന്ന് ഡിവൈഎസ്പി പ്രമോദിൻ്റെ നിർദേശപ്രകാരം സ്ത്രീധന പീഡനം, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി സനൂപിനെയും സോളിയെയും അറസ്റ്റ് ചെയ്തു.