കേരളത്തിന്റെ കണക്റ്റിവിറ്റി വികസനം; ഇ. ശ്രീധരനുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ചർച്ച നടത്തി

 
Kerala

തിരുവനന്തപുരം: കേരളത്തിലെ ഗതാഗത–കണക്റ്റിവിറ്റി വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ ‘മെട്രോമാൻ’ ഇ. ശ്രീധരനുമായി ഉന്നതതല ചർച്ച നടത്തി. സംസ്ഥാനത്ത് നടപ്പാക്കാൻ പരിഗണിക്കുന്ന അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട നിർദേശങ്ങളും സാധ്യതകളും ചർച്ചയിൽ വിലയിരുത്തി. 

തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 473.2 കിലോമീറ്റർ ദൈർഘ്യമുള്ള കേരള ഹൈസ്പീഡ് റെയിൽ (KHSR) ഇടനാഴിയാണ് ഇ. ശ്രീധരന്റെ നിർദേശത്തിലുള്ളത്. പദ്ധതിയുടെ ഭൂരിഭാഗവും എലിവേറ്റഡ് പാതയായിരിക്കുമെന്നും യാത്രാസമയം ഏകദേശം മൂന്നര മണിക്കൂറായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്നും നിർദേശത്തിൽ പറയുന്നു. 

എന്നാൽ പദ്ധതിയുടെ സാമ്പത്തിക, പാരിസ്ഥിതിക, സാമൂഹിക സാധ്യതകൾ സംബന്ധിച്ച് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി നേരത്തെ ചില ആശങ്കകൾ ഉന്നയിച്ചിരുന്നു. നിലവിലെ രൂപത്തിൽ പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും സമിതി നിർദേശിച്ചിരുന്നു. 

സിൽവർലൈൻ പദ്ധതിക്ക് പകരമായി പരിഗണിക്കുന്ന പുതിയ അതിവേഗ റെയിൽ നിർദേശം വിശദമായ പരിശോധനകൾക്ക് ശേഷമേ മുന്നോട്ട് കൊണ്ടുപോകൂ എന്ന നിലപാടിലാണ് സർക്കാർ. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുമ്പ് ആരംഭിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.