ദിലീപിന് വീണ്ടും തിരിച്ചടി; നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

 
Dileep
Dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ അവസാന ഘട്ടത്തിലെത്തിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്. നാല് വർഷം മുമ്പ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചിരുന്നു. നേരത്തെ സിംഗിൾ ബെഞ്ച് ഇതേ ആവശ്യം ഉന്നയിച്ച് ഹർജി തള്ളിയിരുന്നു. തുടർന്ന് അദ്ദേഹം ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതികൾ കോടതിയെ സമീപിക്കുന്നത് അപൂർവമാണ്. കേസിൽ നിഷ്പക്ഷമായ അന്വേഷണത്തിന് കേന്ദ്ര ഏജൻസി വേണമെന്ന ആവശ്യം ദിലീപ് മുന്നോട്ടുവച്ചിരുന്നു. 2017 ഏപ്രിൽ 17 ന് പോലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഇതുവരെ കണ്ടെടുത്തിട്ടില്ല. അത് കണ്ടെത്തണമെന്നും ഹർജിയിൽ പരാമർശിച്ചിരുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൂർത്തിയായി വരികയാണ്. കോടതികൾ വേനൽക്കാല അവധി ആരംഭിക്കുന്ന 11-ാം തീയതി ഇരുവിഭാഗത്തിന്റെയും വാദം പൂർത്തിയാക്കും. തുടർന്ന് കേസ് വിധി പറയാൻ മാറ്റിവയ്ക്കും. ജൂൺ ആദ്യവാരത്തോടെ വിധി പ്രസ്താവിക്കാനാണ് സാധ്യത.