കുതിരയുടെ വിസർജ്യം തള്ളിയതിനെച്ചൊല്ലി തർക്കം; കോഴിക്കോട് കുടുംബനാഥയ്ക്ക് വെടിയേറ്റു

 
crime

കോഴിക്കോട്: കുതിരയുടെ വിസർജ്യം അയൽവീട്ടിലേക്ക് തള്ളിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കോഴിക്കോട് കരുവിശ്ശേരിയിൽ കുടുംബനാഥയ്ക്ക് വെടിയേറ്റു. വെസ്റ്റ്ഹിൽ ബി.ജി. റോഡ് സ്വദേശിനി പുഷ്പലതയ്ക്കാണ് പരുക്കേറ്റത്. സംഭവത്തിൽ അയൽവാസിയായ ഷിംജിത്തിനെ വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. പ്രതി വളർത്തുന്ന കുതിരയുടെ വിസർജ്യം പുഷ്പലതയുടെ പുരയിടത്തിലേക്ക് തള്ളിയതിനെ അവർ ചോദ്യം ചെയ്തതോടെയാണ് തർക്കമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് സംഘർഷത്തിനിടെ പ്രതി വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

പരുക്കേറ്റ പുഷ്പലതയെ ആദ്യം കോഴിക്കോട് ബീച്ച് ആശുപത്രിയിലും പിന്നീട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഇവർക്ക് അടിയന്തര ചികിത്സ നൽകി.

സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതിക്കെതിരെ നേരത്തെയും അനധികൃത മദ്യവുമായി ബന്ധപ്പെട്ടതടക്കം കേസുകളുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.