ജില്ലാ നേതൃത്വത്തിൽ അതൃപ്തി: കൊല്ലത്ത് സിപിഐ പ്രവർത്തകർ കൂട്ടത്തോടെ രാജിവെച്ചു
Updated: Oct 19, 2025, 18:32 IST


കൊല്ലം: കൊല്ലം കടയ്ക്കലിൽ സിപിഐ അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ചു. വിവിധ പദവികൾ വഹിച്ചിരുന്ന 112 പേർ പാർട്ടി വിട്ടു. മന്ത്രി ജെ ചിഞ്ചു റാണിയുടെ ചടയമണ്ഡലം മണ്ഡലത്തിലാണ് അപ്രതീക്ഷിത സംഭവം. പത്ത് മണ്ഡലം കമ്മിറ്റി അംഗങ്ങളും 45 ലോക്കൽ കമ്മിറ്റി അംഗങ്ങളും 48 ബ്രാഞ്ച് സെക്രട്ടറിമാരും ഒമ്പത് ബ്ലോക്ക് ഗ്രാമപഞ്ചായത്തംഗങ്ങളും രാജിവച്ചു.ജില്ലാ നേതൃത്വത്തോടുള്ള അതൃപ്തി അറിയിച്ച് വാർത്താസമ്മേളനം വിളിച്ചാണ് രാജി പ്രഖ്യാപിച്ചത്.
700ലധികം പാർട്ടി അംഗങ്ങൾ രാജിവച്ചതായി നേതാക്കൾ പറഞ്ഞു. പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് തീരുമാനത്തിന് കാരണമെന്നും അവർ വ്യക്തമാക്കി. അതേസമയം, രാജിവെച്ച അംഗങ്ങളിൽ അഴിമതി നടത്തി സംഘടനാ നടപടി നേരിടേണ്ടി വന്നയാളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സിപിഐ ജില്ലാ നേതൃത്വം അറിയിച്ചു. പ്രവർത്തകർ പാർട്ടി വിട്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് നേതൃത്വം വിശദീകരിക്കുന്നു.