'ജനറൽ സെക്രട്ടറി എല്ലാമാണെന്ന് കരുതരുത്
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ പരോക്ഷ വിമർശനവുമായി ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ. ഡൽഹിയിൽ നടന്ന മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവെയാണ് പേരെടുത്ത് പറയാതെയുള്ള വിമർശനം നടത്തിയത്.
"എൻഎസ്എസിന്റെ എല്ലാ ട്രസ്റ്റിമാരോടും ഒരു അഭ്യർഥനയുണ്ട്. താനാണ് എല്ലാമെന്ന് ഒരിക്കലും കരുതരുത്. ജനറൽ സെക്രട്ടറിക്കു മാത്രമാണ് സംഘടനയിലെ എല്ലാ അധികാരങ്ങളെന്നും കരുതരുത്. ആരൊക്കെ ഒരു ചടങ്ങിൽ പങ്കെടുക്കണമെന്നത് തീരുമാനിക്കാനുള്ള അവകാശം ജനറൽ സെക്രട്ടറിക്കില്ല. മന്നത്ത് പത്മനാഭന്റെ സംഭാവനകൾ എല്ലാവരും ഓർക്കണം," എന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
ഉപരാഷ്ട്രപതിയുടെ പരാമർശം സുകുമാരൻ നായരെ ലക്ഷ്യമിട്ടുള്ളതായാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് സന്ദർശനം ഉചിതമല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതിയുടെ പെരുന്നയിലെ മന്നം സമാധിയിലേക്കുള്ള സന്ദർശനം നേരത്തെ ഒഴിവാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പരാമർശം ശ്രദ്ധ നേടുന്നത്.
ചടങ്ങിൽ പങ്കെടുത്ത കേന്ദ്രമന്ത്രി സുരേഷ് ഗോപി, തിരഞ്ഞെടുപ്പിന് ശേഷം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും നേതൃത്വത്തിൽ മാറ്റമില്ലെങ്കിൽ ബദൽ സംവിധാനങ്ങൾ ഉയർന്നുവരുന്നത് സ്വാഭാവികമാണെന്നും അഭിപ്രായപ്പെട്ടു.