മാന്‍ കാന്‍കോര്‍ സിഇഒ ഡോ. ജീമോന്‍ കോര ഇഫിയാറ്റ് ചെയര്‍മാന്‍

 
kochi
kochi

കൊച്ചി: ആഗോളതലത്തിലെ മുന്‍നിര സ്‌പൈസ് എക്‌സ്ട്രാക്ഷന്‍ കമ്പനിയായ മാന്‍ കാന്‍കോറിന്റെ സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. ജീമോന്‍ കോരയെ ഇഫിയാറ്റിന്റെ (ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് എസന്‍ഷ്യല്‍ ഓയില്‍സ് ആന്‍ഡ് അരോമ ട്രേഡ്സ്) പുതിയ ഗ്ലോബല്‍ ചെയര്‍മാനായി തിരഞ്ഞെടുത്തു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. സുഗന്ധതൈലങ്ങള്‍, അരോമ കെമിക്കലുകള്‍, അനുബന്ധ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉത്പാദനം, സംസ്‌കരണം, വ്യാപാരം തുടങ്ങിയ മേഖലകളിലെ ആഗോള കമ്പനികളെ പ്രതിനിധീകരിക്കുന്ന ഉന്നത സംഘടനയാണ് ഇഫിയാറ്റ്.

ആഗോളതലത്തില്‍ സങ്കീര്‍ണ്ണമായ നിയന്ത്രണങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, വിപണിയിലെ അസ്ഥിരത തുടങ്ങിയ കടുത്ത വെല്ലുവിളികളെ വ്യവസായം അഭിമുഖീകരിക്കുന്ന നിര്‍ണായക ഘട്ടത്തിലാണ് അദ്ദേഹം ചെയര്‍മാനായി ചുമതലയേറ്റത്.

സുസ്ഥിരത, നൂതനാശയങ്ങള്‍, സഹകരണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി വ്യവസായത്തെ മുന്നോട്ട് നയിക്കുമെന്ന് ചുമതലയേറ്റ ശേഷം ഡോ. ജീമോന്‍ പറഞ്ഞു. വെല്ലുവിളികളെ കൂട്ടായ മുന്നേറ്റത്തിനുള്ള അവസരങ്ങളാക്കി മാറ്റും. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പ്രതിസന്ധികളെ അതിജീവിക്കാന്‍ ശേഷിയുള്ളതും കൂട്ടായ വളര്‍ച്ച ഉറപ്പാക്കുന്നതുമായ ഒരു പ്രവര്‍ത്തന ശൈലിക്കായിരിക്കും മുന്‍ഗണന നല്‍കുക. ഇഫിയാറ്റ് കോണ്‍ഫറന്‍സിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു.