ഡോ. എം.എസ്. വല്യത്താന്‍ ആരോഗ്യ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ നിസ്തുലം: മന്ത്രി വീണാ ജോര്‍ജ്
Jul 18, 2024, 10:53 IST
ലോകപ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. എം.എസ്. വല്യത്താന്റെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി. ആരോഗ്യ മേഖലയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥിയാണ് അദ്ദേഹം. തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ആദ്യ ഡയറക്ടറാണ്. മണിപ്പാല്‍ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയായിരുന്നു. ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ ചെയര്‍മാനായിരുന്നു. പത്മവിഭൂഷണ്‍ ഉള്‍പ്പെടെ ഇന്ത്യയിലെയും വിദേശത്തെയും ധാരാളം ബഹുമതികള്‍ക്ക് അദ്ദേഹം അര്‍ഹനായി.
ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് ചെലവ് കുറഞ്ഞതും നൂതനവുമായ മെഡിക്കല്‍ സാങ്കേതികവിദ്യകള്‍ രൂപപ്പെടുത്തുന്നതിനും സാധാരണ ജനങ്ങളുടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും കൂടുതല്‍ ഊന്നല്‍ നല്‍കി. വിദേശത്ത് നിന്ന് വലിയ വില കൊടുത്തു വാങ്ങിക്കൊണ്ടിരുന്ന ഹൃദയ വാല്‍വുകള്‍ ശ്രീചിത്രയില്‍ നിര്‍മിച്ച് ഇന്ത്യയില്‍ ആദ്യമായി കുറഞ്ഞ വിലയ്ക്ക് വാല്‍വ് ലഭ്യമാക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിശ്രമങ്ങള്‍ ഏറെ ശ്രദ്ധ നേടി. രക്തബാഗുകള്‍ നിര്‍മിച്ച് വ്യാപകമാക്കി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രീചിത്രയെ രാജ്യത്തെ എണ്ണം പറഞ്ഞ ആരോഗ്യ സ്ഥാപനങ്ങളില്‍ ഒന്നാക്കി മാറ്റി.
ആധുനിക വൈദ്യശാസ്ത്രത്തിന് മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ സംഭാവന. സാമ്പ്രദായികമായ രീതിയില്‍ ആയുര്‍വേദം അഭ്യസിക്കുകയും അതിന്റെ പ്രാധാന്യം പൊതുജനങ്ങളെയും അധികാരികളെയും ബോധ്യപ്പെടുത്താന്‍ അക്ഷീണം പ്രയത്‌നിക്കുകയും ചെയ്തു. അഷ്ടാംഗഹൃദയം അതീവ ചാരുതയോടെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. ജീവിത സായാഹ്നത്തിലും ആയുര്‍വേദ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ആശയ വികസനത്തിന് അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹവുമായി നടത്തിയ ടെലഫോണ്‍ സംഭാഷണവും ഈ അവസരത്തില്‍ ഓര്‍ക്കുകയാണ്. വൈദ്യശാസ്ത്രത്തിന് കേരളം നല്‍കിയ വലിയ സംഭാവനയാണ് ശ്രീ എം.എസ് വല്യത്താന്‍. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.