കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് ഇഡി നോട്ടീസ്

 
Karuvannur

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് ഇഡി നോട്ടീസ് നൽകി. എന്നാൽ ഇഡിയിൽ നിന്ന് സമൻസ് ലഭിച്ചിട്ടില്ലെന്ന് എംഎം വർഗീസ് പ്രതികരിച്ചു. ഇഡിക്ക് മുന്നിൽ ഹാജരാകുന്നത് പാർട്ടിയുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകർക്ക് തിരികെ നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ ബിജെപി പ്രവർത്തകരുമായി നടത്തിയ സംവാദത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

ഇതേത്തുടർന്നാണ് സിപിഎമ്മിൻ്റെ രഹസ്യ അക്കൗണ്ടുകൾ സംബന്ധിച്ച വിശദാംശങ്ങൾ ഇഡി തിരഞ്ഞെടുപ്പ് കമ്മിഷനും ധനമന്ത്രാലയത്തിനും റിസർവ് ബാങ്കിനും കൈമാറിയത്. കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ട്. സഹകരണ ബാങ്ക് ചട്ടങ്ങൾ ലംഘിച്ചാണ് ഈ അക്കൗണ്ടുകൾ തുടങ്ങിയതെന്ന് ഇഡി കണ്ടെത്തി.