കാഴ്ചപരിമിതരുടെ സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാൻ വിദ്യാഭ്യാസം അനിവാര്യം: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: കാഴ്‌ച വെല്ലുവിളി നേരിടുന്നവർക്ക് സാധാരണ ജനങ്ങളെപോലെ വിദ്യാഭ്യാസത്തിന് അവസരം ലഭ്യമാകാത്ത സാഹചര്യത്തിൽ അവരുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ സാമൂഹിക പിന്നോക്കാവസ്ഥയ്ക്കും മുഖ്യ കാരണമാകുന്നുണ്ട്. വിദ്യാഭ്യാസപരമായി മുന്നോട്ടുവന്നെങ്കിൽ മാത്രമേ ജീവിത രീതിയിലും സമൂഹസ്ഥിതിയിലും മാറ്റം വരുത്താൻ സാധിക്കുകയുള്ളൂവെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി ദീപ്തി-ബ്രെയിൽ സാക്ഷരതാ പദ്ധതിയുടെ പഠനോപകരണ വിതരണോദ്ഘാടനവും നവചേതന - ചങ്ങാതി പദ്ധതികളുടെ പരീക്ഷാഫല പ്രഖ്യാപനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കാഴ്‌ച വെല്ലുവിളി നേരിടുന്നവരെ ശാക്തീകരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പാണ് ബ്രെയിൽ വിദ്യാഭ്യാസം. ബ്രെയിൽലിപിയിൽ വായിക്കാനും എഴുതാനും കഴിയുക എന്നതാണ് ബ്രെയിൽസാക്ഷരത. കാഴ്ചപരിമിതരുടെ സാമൂഹ്യ പിന്നോക്കാവസ്ഥ വിദ്യാഭാസമില്ലാത്തതിന്റെ കുറവാണെന്ന് മനസ്സിലാക്കിയാണ് സാക്ഷരതാമിഷൻ ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് അധ്യാപക ഫോറവുമായി ചേർന്ന് കാഴ്‌ചവെല്ലുവിളി നേരിടുന്നവരെ ബ്രെയിൽ ലിപിയിൽ സാക്ഷരരാക്കുന്നതിനായാണ് ദീപ്തിപദ്ധതിക്ക് രൂപം നൽകിയത്. ബ്രെയിൽ സാക്ഷരതയിലെ തുടർവിദ്യാഭ്യാസ പ്രവർത്തനം കേരളത്തിന് അഭിമാനിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സാക്ഷരതാമിഷൻ അക്ഷരം ഹാളിൽ ശനിയാഴ്ച പകൽ 12ന് നടന്ന പരിപാടിയിൽ ബ്രെയിൽ സാക്ഷരതാ പാഠപുസ്തക നിർമ്മാണ ശില്പശാലയിൽ പങ്കെടുത്ത സംസ്ഥാനതല റിസോഴ്സ് പേഴ്സൺമാരെ മന്ത്രി ആദരിച്ചു. അഡ്വ. ആന്റണി രാജു എംഎൽഎ അധ്യക്ഷനായി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഡി സുരേഷ് കുമാർ ബ്രെയിൽ പഠനോപകരണങ്ങൾ പഠിതാക്കൾക്ക് വിതരണം ചെയ്തു. ജില്ലകളിൽ നിന്നും സർവേയിലൂടെ കണ്ടെത്തിയ 2634 കാഴ്ചപരിമിതരിൽ 1514 പേർ ബ്രെയിലി സാക്ഷരതാ പഠനത്തിന് താല്‌പര്യം അറിയിച്ചിട്ടുള്ളത്.
ക്ലാസുകൾ ഒക്ടോബർ അവസാനം ആരംഭിക്കും. ഇതര സംസ്ഥാന തൊഴിലാളികൾക്കായി നടപ്പാക്കുന്ന സാക്ഷരതാപദ്ധതിയായ ചങ്ങാതിയുടെ ഭാഗമായി 2024 ആഗസ്റ്റ് 25ന് നടത്തിയ നാലാംഘട്ട മികവുത്സവത്തിന്റെ ( സാക്ഷരതാപരീക്ഷ)ഫലവും പട്ടികജാതികോളനികളിൽ നിരക്ഷരതാനിർമാർജ്ജനം ലക്ഷ്യമിട്ട് ആരംഭിച്ച നവചേതന പദ്ധതിയുടെ നാലാംതരം പരീക്ഷാഫലവും മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. നാലാംഘട്ടചങ്ങാതി പദ്ധതിയുടെ മികവുത്സവത്തിൽ ആകെ 2503 പേർ പരീക്ഷയെഴുതി. ഇതിൽ 2477 പേർ വിജയിച്ചു ഇവരിൽ 658 സ്ത്രീകളും 1819 പുരുഷൻമാരുമാണ്.
നവചേതന നാലാം തരം പദ്ധതിയിൽ 3674പേരാണ് ആകെ പരീക്ഷ എഴുതിയത്. ഇവരിൽ 3606 പേർ വിജയിച്ചു. 2937 പേർ സ്ത്രീകളും 669 പേർ പുരുഷൻമാരുമാണ്. കേരള സംസ്ഥാന സാക്ഷാമിഷൻ അതോറിറ്റി ഡയറക്ടർ ഒലീന എ ജി, കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം, കെ, കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ടീച്ചേഴ്സ് ഫോറം പ്രസിഡൻ്റ് സുധീർ എം, സാക്ഷരതാമിഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. ജെ വിജയമ്മ, സംസ്ഥാന കോ-ഓർഡിനേറ്റർ മാരായ ഡോ. വി വി മാത്യു, ഡോ. മനോജ് സെബാസ്റ്റ്യൻ, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ടി വി ശ്രീജൻ എന്നിവർ സംസാരിച്ചു.