വിദ്യാഭ്യാസം അന്തസ്സിലധിഷ്ഠിതമാകണം; കുറവുകളിലല്ല ശ്രദ്ധിക്കേണ്ടതെന്ന് കൊച്ചിയില്‍ നടന്ന ചര്‍ച്ച

 
Kerala
Kerala

കൊച്ചി: സമഗ്ര വിദ്യാഭ്യാസമെന്നത് കേവലം നയപരമായ അനുസരണത്തിനപ്പുറം, വിദ്യാര്‍ത്ഥികളുടെ അന്തസ്സും തുല്യനീതിയും ഉറപ്പാക്കുന്ന സംസ്‌കാരമായി മാറണമെന്ന് കൊച്ചിയില്‍ സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ നടന്ന ചര്‍ച്ചയില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 'എംപ്പവറിങ് എവരി മൈന്‍ഡ് : എഡ്യുക്കേഷന്‍ ഫോര്‍ ഡിഗ്നിറ്റി ആന്‍ഡ് ഇന്‍ക്ലൂഷന്‍' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഡോ. ഗാര്‍ഗി പി. സിന്‍ഹ, ഗോവ സ്റ്റേറ്റ് ഡിസബിലിറ്റി കമ്മീഷണര്‍ ഓഫീസ് സെക്രട്ടറി താഹ ഹാസിഖ് എന്നിവര്‍ പങ്കെടുത്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നല്‍കുന്നത് കൊണ്ട് മാത്രം ഉള്‍ച്ചേര്‍ക്കല്‍ പൂര്‍ണ്ണമാകുന്നില്ലെന്നും, ഓരോ വിദ്യാര്‍ത്ഥിക്കും അവിടെ ബഹുമാനവും തുല്യതയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഡോ. ഗാര്‍ഗി പറഞ്ഞു. സമൂഹത്തിലെ ഏറ്റവും വലിയ വൈകല്യം ശാരീരികമല്ലെന്നും, അത് ഭിന്നശേഷിക്കാരോടുള്ള തെറ്റായ ചിന്താഗതിയാണെന്നും താഹ ഹാസിഖ് ചൂണ്ടിക്കാട്ടി. 2016-ലെ ഭിന്നശേഷി അവകാശ നിയമം നിലനില്‍ക്കെത്തന്നെ പല കുട്ടികള്‍ക്കും ഇന്നും പ്രവേശനവും തുല്യ അവസരങ്ങളും നിഷേധിക്കപ്പെടുന്നുണ്ട്. കുട്ടികളുടെ പരിമിതികളേക്കാള്‍ അവരുടെ കഴിവിനും താല്‍പ്പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന രീതിയിലേക്ക് അധ്യാപകരും വിദ്യാഭ്യാസരീതിയും മാറണമെന്നും, വൈവിധ്യങ്ങളെ ആദരിക്കുന്ന ക്ലാസ് മുറികളാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും സെഷന്‍ വിലയിരുത്തി.