തിരഞ്ഞെടുപ്പുകൾ ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള സുവർണ്ണാവസരം: ടോവിനോ തോമസ്
ദേശീയ സമ്മതിദായക ദിനാഘോഷം സംഘടിപ്പിച്ചു
എറണാകുളം: തിരഞ്ഞെടുപ്പുകളിൽ വിവേകപൂർവ്വം വോട്ടവകാശം വിനിയോഗിക്കുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും നമ്മുടെ ഭാവി സുരക്ഷിതമാക്കുന്നതിനുമുള്ള സുവർണ്ണാവസരം ആണെന്ന് ചലച്ചിത്ര താരവും തിരഞ്ഞെടുപ്പ് വകുപ്പിന്റെ സ്വീപ് ഐക്കണുമായ ടോവിനോ തോമസ് പറഞ്ഞു. എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളേജിൽ ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യത ഉറപ്പുവരുത്തുന്ന ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് വോട്ടിംഗിലൂടെ സാധ്യമാകുന്നത്. വോട്ട് ചെയ്യുകയെന്നത് ഓരോ പൗരന്റെയും കടമയാണ്. വോട്ട് ചെയ്യാതിരിക്കുന്നത് നമ്മെ മാത്രമല്ല നമുക്ക് ചുറ്റുമുള്ളവരെയും ബാധിക്കും. ജനാധിപത്യം കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന നമ്മെ നയിക്കാന്‍ കഴിയുന്ന വ്യക്തിക്കായിരിക്കും എന്റെ വോട്ട്. വോട്ടവകാശം ലഭിച്ച ശേഷം വോട്ട് ചെയ്യാനുള്ള അവസരം ഒരിക്കലും നഷ്ടപ്പെടുത്തിയിട്ടില്ലെന്നും യുവാക്കളടക്കം എല്ലാവരും വോട്ട് ചെയ്യണമെന്നും ടോവിനോ അഭ്യർത്ഥിച്ചു.
വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനാണ് ദേശീയ സമ്മതിദാന ദിനം ആഘോഷിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. യുവാക്കളുടെ വോട്ടിംഗ് ശതമാനം കുറവാണെന്നത് വലിയ വെല്ലുവിളിയാണ്. 35 വയസില്‍ താഴെയുള്ളവരാണ് രാജ്യത്തെ ജനസംഖ്യയുടെ 60-65%.
ജനാധിപത്യത്തിന്റെ ഭാവി യുവാക്കളുടെ കൈകളിലാണ്. അതിനാൽ ആഗോള തലത്തില്‍ സൂപ്പര്‍ പവറായി രാജ്യം വളരുമ്പോള്‍ നാടിനെ നയിക്കേണ്ട യുവാക്കള്‍ വോട്ട് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കരുതെന്നും വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
ചടങ്ങില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ ദേശീയ സമ്മതിദാന സന്ദേശ വീഡിയോ പ്രദര്‍ശിപ്പിച്ചു. ടൊവീനോ തോമസ് ദേശീയ സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മികച്ച ജില്ലാ ഇലക്ഷന്‍ ഓഫീസര്‍മാര്‍ക്കുള്ള പുരസ്‌കാരം ചടങ്ങില്‍ വിതരണം ചെയ്തു. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ, മലപ്പുറം ജില്ലാ കളക്ടര്‍ വി. ആര്‍ വിനോദ്, കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. തൃശൂര്‍ കളക്ടര്‍ കൃഷ്ണ തേജയുടെയും കോഴിക്കോട് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെയും അഭാവത്തില്‍ യഥാക്രമം സബ് കളക്ടര്‍മാരായ മുഹമ്മദ് ഷെഫീഖ്, ഹര്‍ഷില്‍ ആര്‍ മീണ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
മികച്ച ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പുരസ്‌കാരം വിജി വര്‍ഗീസ്, ടി.ധന്യ മോള്‍ എന്നിവര്‍ ഏറ്റുവാങ്ങി. മികച്ച ഇലക്ടറല്‍ ലിറ്ററസി ക്ലബ് പുരസ്‌കാരം പാലക്കാട് അഗളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നേടി. മികച്ച ജില്ലാ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ് കോഓഡിനേറ്റര്‍ പുരസ്‌കാരം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. വിപിന്‍ കെ വര്‍ഗീസ് (കുര്യാക്കോസ് ഗ്രിഗോറിയസ്, പാമ്പാടി, കോട്ടയം) ഏറ്റുവാങ്ങി.
പുതിയ വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് നിര്‍വഹിച്ചു. ഫൈ റോസ്, മുഹമ്മദ് ജാസിര്‍, എം.എം മുഹമ്മദ് റിയാസ്, ജായിറ അന്ന രാജീവ് എന്നിവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ജില്ലാ കളക്ടര്‍ വിതരണം ചെയ്തു. വോട്ടിന്റെ പ്രാധാന്യം യുവാക്കളിലേക്ക് എത്തിക്കുന്നതിനായി സംഘടിപ്പിച്ച അത്തപ്പൂക്കള മത്സരം, ക്വിസ് മത്സരം എന്നിവയ്ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
പൂക്കള മത്സരത്തില്‍ ഒന്നാം സ്ഥാനം കോഴിക്കോട് സെന്റ് ജോസഫ് കോളേജും, രണ്ടാം സ്ഥാനം തിരുവനന്തപുരം ഓള്‍ സെയിന്റ്‌സ് കോളേജും മൂന്നാം സ്ഥാനം മലപ്പുറം ഡി.എച്ച്. ആര്‍.എച്ച്. എസ്. എസും നേടി. പ്രോത്സാഹന സമ്മാനം തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിനും ലഭിച്ചു. ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം ആന്റണി ഫ്രാന്‍സിസ്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ യഥാക്രമം സൂരജ് തോമസ്, തുളസി ജയപ്രസാദ് എന്നിവര്‍ക്ക് ലഭിച്ചു.
ജില്ലാ കളക്ടര്‍ എന്‍. എസ്. കെ. ഉമേഷ്, ഭാരത മാതാ കോളേജ് മാനേജര്‍ ഫാ. ഡോ. എബ്രഹാം ഒലിയപ്പുറത്ത്, പ്രിന്‍സിപ്പല്‍ ഡോ. കെ.എം. ജോണ്‍സണ്‍, അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സി. ഷര്‍മിള തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനു ശേഷം വിവിധ കലാപരിപാടികളും അരങ്ങേറി.