വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നു; നിയന്ത്രണം വന്നേക്കാമെന്ന് കെഎസ്ഇബി, വൈദ്യുതിയിൽ പാചകം ഒഴിവാക്കാൻ അഭ്യർഥന

 
kseb

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഇന്ന് വൈകിട്ട് ഏഴ് മണിക്കുശേഷം ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായേക്കാമെന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) മുന്നറിയിപ്പ് നൽകി. ആവശ്യമായ വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്ന് ലഭ്യമാകാത്ത പക്ഷമാണ് നിയന്ത്രണം നടപ്പാക്കേണ്ടിവരികയെന്ന് ബോർഡ് അറിയിച്ചു. 

മഴക്കുറവും ഉയർന്ന താപനിലയും മൂലം സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത മുൻവർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിട്ടുണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കി. രാജ്യവ്യാപകമായി വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്സ്ചേഞ്ചിൽ ലഭ്യതയും കുറഞ്ഞിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് വൈദ്യുതി ആവശ്യകത മുൻദിവസങ്ങളെക്കാൾ 300 മുതൽ 400 മെഗാവാട്ട് വരെ വർധിക്കുമെന്നാണ് വിലയിരുത്തൽ. 

വൈകിട്ട് 6 മണി മുതൽ രാത്രി 11 മണിവരെ കഴിയുന്നത്ര വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നും, പ്രത്യേകിച്ച് വൈദ്യുതി ഉപയോഗിച്ചുള്ള പാചകം, വസ്ത്രം അലക്കൽ, ഇസ്തിരിയിടൽ തുടങ്ങിയ ഉയർന്ന വൈദ്യുതി ഉപയോഗമുള്ള പ്രവർത്തനങ്ങൾ പരമാവധി ഒഴിവാക്കണമെന്നും കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർഥിച്ചു.