പരിയത്തുകാവ് ഭൂതർക്കത്തിന് വിരാമം; ഏഴ് ദളിത് കുടുംബങ്ങൾക്ക് സ്ഥലവും വീടും

 
Kerala
Kerala
കൊച്ചി: എറണാകുളം ജില്ലയിലെ കിഴക്കമ്പലത്തിനടുത്തുള്ള പരിയത്തുകാവിൽ പതിറ്റാണ്ടുകളായി തുടരുന്ന ഭൂതർക്കത്തിന് ഒടുവിൽ പരിഹാരമായി. സർക്കാർ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്ക് പിന്നാലെ ഭൂവുടമകളും താമസക്കാരും ധാരണയിലെത്തിയതോടെയാണ് ഏഴ് ദളിത് കുടുംബങ്ങളുടെ പുനരധിവാസത്തിന് വഴിയൊരുങ്ങിയത്. 
ധാരണപ്രകാരം, ഓരോ കുടുംബത്തിനും അഞ്ച് സെന്റ് വീതം ഭൂമിയും 1,000 ചതുരശ്ര അടിയുള്ള വീടും പരിയത്തുകാവ് പ്രദേശത്ത് തന്നെ ലഭ്യമാക്കും. പുതിയ വീടുകളുടെ നിർമാണം പൂർത്തിയാകുന്നതുവരെ നിലവിലെ വീടുകളിൽ തന്നെ താമസിക്കാൻ കുടുംബങ്ങൾക്ക് അനുമതിയുണ്ടാകും. 
ഭൂതർക്കവുമായി ബന്ധപ്പെട്ട് കുടുംബങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാനും ധാരണയായി. കൂടാതെ, പുതിയ സ്ഥലത്തേക്കുള്ള പ്രവേശന സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സർക്കാർ ഉറപ്പാക്കും. ധാരണ നടപ്പാക്കുന്നതിന് റവന്യൂ, പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. 
സ്വകാര്യ ഭൂവുടമയും ദളിത് കുടുംബങ്ങളും തമ്മിൽ വർഷങ്ങളായി കോടതിയിൽ തുടരുന്ന തർക്കത്തെ തുടർന്ന് ഒഴിപ്പിക്കൽ ഭീഷണി ഉയർന്നിരുന്നു. എന്നാൽ സർക്കാർ ഇടപെടലും ചർച്ചകളും ഫലപ്രദമായതോടെ തർക്കം ഒത്തുതീർപ്പിലെത്തി. ധാരണ സംബന്ധിച്ച വിവരം സർക്കാർ ഹൈക്കോടതിയെ അറിയിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.