എക്സാലോജിക് കള്ളപ്പണ ഇടപാട് കേസ്: സിഎംആർഎൽ ചീഫ് ഫിനാൻസ് ഓഫീസറെ ചോദ്യം ചെയ്ത് ഇഡി

 
Ed

കൊച്ചി: എക്സാലോജിക് സൊല്യൂഷൻസും കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡും (CMRL) തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണ വെളുപ്പിക്കൽ കേസിൽ സിഎംആർഎല്ലിന്റെ ചീഫ് ഫിനാൻസ് ഓഫീസർ (CFO) സുരേഷ് കുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) തിങ്കളാഴ്ച മണിക്കൂറുകളോളം ചോദ്യം ചെയ്തു. കേസിലെ നിർണായക ഘട്ടമായാണ് ഈ ചോദ്യം ചെയ്യലിനെ അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. 

സിഎംആർഎല്ലും, മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുടെ ഉടമസ്ഥതയിലായിരുന്ന എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ നടന്ന സാമ്പത്തിക ഇടപാടുകളുടെ രേഖകൾ കൈകാര്യം ചെയ്തിരുന്നത് സുരേഷ് കുമാറായതിനാലാണ് അദ്ദേഹത്തിന്റെ മൊഴിക്ക് അന്വേഷണത്തിൽ വലിയ പ്രാധാന്യം നൽകുന്നത്. 

സേവനങ്ങളൊന്നും ലഭിക്കാതെയാണ് എക്സാലോജിക്കിന് സിഎംആർഎൽ 2.78 കോടി രൂപ നൽകിയതെന്നാണ് ഇഡിയുടെ പ്രധാന ആരോപണം. കൂടാതെ, സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കാർത്തയുമായി ബന്ധപ്പെട്ട എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, എക്സാലോജിക്കിന് 50 ലക്ഷം രൂപ വായ്പ നൽകിയതും അന്വേഷണ പരിധിയിലാണ്. 

ഈ സാമ്പത്തിക ഇടപാടുകളിലൂടെ കള്ളപ്പണം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോയെന്നതാണ് ഇഡി പരിശോധിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സിഎംആർഎല്ലിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാൻ അന്വേഷണ ഏജൻസി തീരുമാനിച്ചിട്ടുണ്ട്. 

കഴിഞ്ഞ ആഴ്ച ടി. വീണയെ ഇഡി ഒമ്പത് മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ജൂൺ 29ന് വീണ്ടും ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം, കേസിലെ എല്ലാ ആരോപണങ്ങളും ബന്ധപ്പെട്ടവർ നിഷേധിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.