കര്‍ഷക രോഷം സര്‍ക്കാരിന്റെ അന്ത്യം കുറിക്കും : രമേശ് ചെന്നിത്തല

 
RC

തിരുവനന്തപുരം: സമാനതകള്‍  ഇല്ലാത്ത വിധത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷക ദ്രോഹ നടപടികള്‍ തുടരുകയാണ്. റബര്‍ കര്‍ഷകര്‍  കൃഷിപൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. 250 രൂപ തറവില നല്‍കുമെന്ന് പ്രഖ്യാപിച്ച് റബ്ബര്‍ കര്‍ഷകരെ വഞ്ചിച്ച് അധികാരത്തിലേറിയ സംസ്ഥാന സര്‍ക്കാര്‍ വിലനല്‍കില്ലെന്ന് മാത്രമല്ല കാലാകാലങ്ങളില്‍ നല്‍കുന്ന ഇന്‍സെന്റീവുപോലും നല്‍കാന്‍ തയ്യാറാവുന്നില്ല. നിര്‍ഭാഗ്യവശാല്‍ സര്‍ക്കാരുകള്‍ കര്‍ഷകദ്രോഹനടപടിയില്‍ മല്‍സരിക്കുകയാണ്.

കേരള പ്രദേശ് കര്‍ഷക കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിററിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്കുനടത്തിയ കര്‍ഷക മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് കോണ്‍ഗ്രസ്സ് വര്‍ക്കിംങ്ങ് കമ്മിറ്റി അംഗം ശ്രീ രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ എല്ലാ കാര്‍ഷിക മേഖലകളും തകര്‍ച്ചയിലാണ്. വനം വന്യജീവി നിയമം  കാലോചിതമായി പരിഷ്‌കരിക്കണമെന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടു.

ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷക ദ്രേഹ നടപടികള്‍ രാജ്യം ചര്‍ച്ച ചെയ്യുമെന്നും ഭാരതം ഫാസിസ്റ്റ് ശക്തികളില്‍ നിന്നും മുക്തി നേടുമെന്നും ആശംസാപ്രസംഗ നടത്തിയ അടൂര്‍ പ്രകാശ് എം. പി പ്രസ്താവിച്ചു.

റബ്ബര്‍ കര്‍ഷകരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ സെക്രട്ടറിയേറ്റു നടയില്‍ കോണ്‍ഗ്രസ്സ് സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. ടി. യു. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ റബര്‍ ഷീറ്റുകത്തിച്ച് പ്രതിഷേധിച്ചു. കര്‍ഷക ദ്രേഹനടപടികള്‍ അവസാനിച്ചില്ലെങ്കില്‍ സെക്രട്ടറിയേറ്റ് വളയല്‍ അടക്കമുള്ള പ്രതിഷേധസമരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടി വരുമെന്ന് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യഷന്‍ ശ്രീ. കെ. സി. വിജയന്‍ പറഞ്ഞു കാര്‍ഷികവിളകള്‍ക്കു വില ഇല്ലെന്നുമാത്രമല്ല വന്യജീവികള്‍ നിരവധി കര്‍ഷകരുടെ ജീവനെടുത്തിട്ടു സര്‍ക്കാരുകള്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.

കാലോചിതമായി വനം വന്യജീവി നിയമം  പരിഷ്‌കരിക്കാതിരിക്കാത്തതില്‍ മാര്‍ച്ചില്‍ കര്‍ഷകരോഷമിരമ്പി.     വനം വന്യജീവി നിയമം അപരിഷ്‌കൃതമാണെന്നും കാലോചിതമായി പരിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസ്തുത നിയമാവലിയുടെ പകര്‍പ്പ് കര്‍ഷകര്‍ കത്തിച്ചു. മാര്‍ച്ചില്‍ ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ശ്രീ. പാലോട് രവി, കെ. പി. സി. സി ജനറല്‍ സെക്രട്ടറി കെ. പി. ശ്രീകുമാര്‍, മുന്‍ എം. എല്‍. എ ശരത്ചന്ദ്രപ്രസാദ്, കര്‍ഷക കോണ്‍ഗ്രസ് നേതാക്കളായ എ.ഡി  സാബൂസ്, അടയമണ്‍ മുരളീധരന്‍, തോംസണ്‍ ലോറന്‍സ്, അഡ്വ. ബാബു. ജി ഈശോ, പഴകുളം സതീഷ്, റോയി തങ്കച്ചന്‍. അഡ്വ. എം. ഒ ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു. 

മാര്‍ച്ചിന് നേതാക്കളായ കളളിക്കാട് രാജേന്ദ്രന്‍, മുഹമ്മദ് പനയ്ക്കല്‍, ജോര്‍ജ്ജ് കൊട്ടാരം, ഹബീബ് തമ്പി, ജി. ശിവരാജന്‍, റാഷിദ് ഈരാറ്റുപേട്ട, മാരായമുട്ടം രാജേഷ്, ആര്‍. സി മധു, സി. പി. സലീം എന്നിവര്‍ നേതൃത്വം നല്‍കി.